ബെക്സ് കൃഷ്ണൻ നാളെ നാട്ടിലേക്ക് മടങ്ങും

15

എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാളെ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്. കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രണ്ടാം ജന്മമാണ് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. 2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.