ബൈക്കില്‍ വന്ന് സ്ത്രീകളുടെ സ്വര്‍ണ്ണമാല പിടിച്ചുപറി നടത്തുന്ന കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

6
8 / 100

ബൈക്കിൽ സഞ്ചരിച്ച് റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ കഴുത്തിലെ സ്വര്‍ണ്ണമാലകള്‍ പിടിച്ചുപറി നടത്തുന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അരിമ്പൂര്‍ പരയ്ക്കാട് കൊള്ളന്നൂര്‍ താഞ്ചപ്പന്‍ വീട്ടില്‍ ആനന്ദന്‍ (46) വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി.അജിത്കുമാര്‍ തള്ളി ഉത്തരവായി.

2021 മാര്‍‌ച്ച് 16ന് തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനു സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ ഈസ്റ്റ് പോലീസ് പട്രോളിങ് നടത്തിവരവെ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് വെച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോകുന്നത് കണ്ടപ്പോള്‍ പിന്തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോളാണ് ജില്ലയില്‍ ഏതാനും നാളുകളായി തുടര്‍ന്നുവരുന്ന പിടിച്ചുപറിക്കേസിലെ പ്രതിയാണ് പിടിയിലായതെന്ന് മനസ്സിലായത്. മോട്ടോര്‍ സൈക്കിളില്‍ കത്തിയും, സ്ക്രൂ ഡ്രൈവറും, സ്പാനറുമായാണ് പ്രതി സഞ്ചരിച്ചിരുന്നത്.

2021 ഫെെബ്രൂവരി 13നും, മാര്‍ച്ച് 6നും, റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ സ്വര്‍ണ്ണമാല മോട്ടോര്‍ സൈക്കിളില്‍ വന്ന് പിടിച്ചുപറിച്ചത് തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിരുന്നു. മോഷണം നടത്തി ലഭിക്കുന്ന സ്വര്‍ണ്ണ മാലകള്‍ തൃശ്ശൂര്‍ പുത്തന്‍പള്ളിക്കുസമീപമുള്ള കടയില്‍ കൊണ്ടുപോയി ഉരുക്കിയ ശേഷം മറ്റൊരു കടയില്‍ വില്പന നടത്തുകയായിരുന്നു പതിവ്. അറസ്റ്റ് ചെയ്ത പ്രതിയുടെ ജാമ്യം ചീഫ് ജുഢീഷ്യല്‍ മജിസ്ത്രേട്ട് തള്ളിയതിനെതുടര്‍ന്നാണ് ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്.

കേസന്വേഷണം പ്രാരംഭദശയിലാണെന്നും മോഷണം നടത്തിയ മുതലുകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസ്സപ്പെടുമെന്നും മറ്റുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് പ്രതിയുടെ ജാമ്യം തള്ളി ഉത്തരവായത്.