ഭിന്നശേഷി സൗഹൃദമായി നവീകരിച്ച കൊരട്ടി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു: മാറേണ്ടത് പോലീസ് മനോഭാവം; ജനകീയമാകണമെന്ന് ബി.ഡി.ദേവസി എം.എൽ.എ

28

നവീകരിച്ച കൊരട്ടി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ബി.ഡി ദേവസ്സി എം.എല്‍.എ നിര്‍വഹിച്ചു. ഓരോ പൊലീസ് സ്റ്റേഷനും മികച്ച സൗകര്യങ്ങളുടെ കേന്ദ്രങ്ങളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യകാലങ്ങളില്‍ ജനങ്ങള്‍ക്ക് പോലീസിനോട് ഉണ്ടായിരുന്ന മനോഭാവത്തിന് ഇന്ന് മാറ്റം വന്നിരിക്കുന്നു. ഓരോ പോലീസ് സ്റ്റേഷനും ജനമൈത്രി ആവണമെന്ന നയമാണ് നമ്മുടെ സര്‍ക്കാരിനുള്ളത്. കൊരട്ടി പോലീസ് സ്റ്റേഷന്‍ ഭിന്നശേഷി സൗഹാര്‍ദ്ദ പൊലീസ് സ്റ്റേഷനാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്ന് വേണ്ട പ്രായ ഭേദമന്യേ ഏതൊരാള്‍ക്കും ഏത് ആവശ്യത്തിനും സമീപിക്കാവുന്ന ഇടമാണ് ഈ മാതൃകാ സ്റ്റേഷനാണ് ഇതെന്നും എം.എല്‍.എ പറഞ്ഞു. പ്രളയം നാടിനെ ബാധിച്ചപ്പോഴും കൊറോണ വൈറസ് ബാധ എല്ലാവരെയും പേടിപ്പിച്ച സാഹചര്യത്തിലും പോലീസുകാരുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ചടങ്ങില്‍ മുഖ്യാതിഥിയായി. ചാലക്കുടി ഡി.വൈ.എസ്.പി.സി.ആര്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. കൊരട്ടി എസ്.എച്.ഒ ബി.കെ അരുണ്‍, എസ്.ഐ ഇ.എ ഷാജു, തൃശൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി കുബേരന്‍ നമ്പൂതിരി, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ ബേബി, പോലീസ് അസോസിയേഷന്‍ സെക്രട്ടറി വി യു സില്‍ജോ, തുടങ്ങിയവര്‍ പങ്കെടുത്തു.

പൊലീസ് സ്റ്റേഷന്‍ നവീകരണ ജോലികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കിയതിന് കോണ്‍ട്രാക്ടര്‍ കെ.ഡി ആന്റോ, നവീകരണ ജോലികള്‍ കോഡിനേറ്റ് ചെയ്തതിന് ജോജി തോമസ്, ലോക്ക് ഡൗണ്‍ സമയത്ത് കൊരട്ടി പോലീസ് ഏര്‍പെടുത്തിയ സൗജന്യ ഭക്ഷണ വിതരണത്തിന് വേണ്ട സഹായം നല്‍കിയ എം.വി.ജി കൈമള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ആഭ്യന്തര വകുപ്പ് അനുവദിച്ച ഏഴര ലക്ഷം രൂപ ചിലവഴിച്ചാണ് സ്റ്റേഷന്‍ നവീകരണം നടത്തിയത്.

6c4b9f25 1307 457c 8d7c de4f716d020e