മതിലകം ബംഗ്ലാവ് കടവ് കമ്മ്യൂണിറ്റി സെന്റർ നാടിന് സമർപ്പിച്ചു

9
3 / 100

മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നവീകരിച്ച മതിലകം ബംഗ്ലാവ് കടവ് കമ്മ്യൂണിറ്റി സെന്റർ നാടിന് സമർപ്പിച്ചു. മതിലകം ബ്രിട്ടീഷ് ബംഗ്ലാവ് പരിസരത്ത് നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കനോലി കനാലിന്റെ തീരത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്ത ബംഗ്ലാവാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി സെന്ററാക്കി മാറ്റിയത്. ആദ്യകാലങ്ങളിൽ കനോലി കനാലിലൂടെ മലബാറിലേക്കും മറ്റും യാത്രചെയ്തിരുന്നവർ ഇവിടെയാണ് വിശ്രമിച്ചിരുന്നത്. ജലഗതാഗതം നിലനിന്നിരുന്ന കാലത്ത് ചുങ്കപ്പിരിവിനായും ബംഗ്ലാവ് ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് ദീർഘകാലം മതിലകം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നതും ഈ കെട്ടിടത്തിലാണ്.

33 ലക്ഷം രൂപ ചെലവഴിച്ച് ബംഗ്ലാവിന്റെ പൗരാണികത നിലനിർത്തിയാണ് പുനർനിർമിച്ചിരിക്കുന്നത്. പൗരാണിക ബംഗ്ലാവ് കമ്മ്യൂണിറ്റി സെൻറർ ആകുന്നതോടെ രാവിലെ മുതൽ ഉച്ച വരെയുള്ള സമയം കുട്ടികൾക്കും ഉച്ച മുതൽ വൈകീട്ട് വരെയുള്ള സമയം സ്ത്രീകൾക്കും വൈകുന്നേരം മുതൽ രാത്രി നിശ്ചിത സമയം വരെ മുതിർന്നവർക്കും വായനയ്ക്കും വിനോദ-വിശ്രമവേളകൾക്കുമായി ഉപയോഗിക്കാം.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രൻ, പഞ്ചായത്തംഗം ഒ എ ജെൻട്രിൻ, മുസി‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.