മതിലകം ഹരിജൻ സെറ്റിൽമെൻ്റ് കോളനിയിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

6
4 / 100

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മതിലകം എട്ടാം വാർഡ് ഹരിജൻ സെറ്റിൽമെൻ്റ് കോളനിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പട്ടികജാതി വികസന വകുപ്പ് മുഖേന പ്രളയം മൂലം നാശനഷ്ടം സംഭവിച്ച കോളനികളുടെ പുനർനിർമ്മാണത്തിനായി മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങളുള്ള കോളനികളെ തിരഞ്ഞെടുത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. പദ്ധതിയുടെ ഭാഗമായാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലെ മതിലകം ഗ്രാമപഞ്ചായത്ത് ഹരിജൻ സെറ്റിൽമെൻ്റ് കോളനി നവീകരണത്തിനായി സർക്കാർ 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വീടുകൾ, ടോയ്ലറ്റ് അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. തൃശൂർ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല.

പുനർ നിർമ്മാണോദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി എസ് രവീന്ദ്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ പി ഗിരീഷ് കുമാർ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.