മദ്യത്തിൽ മയക്കുമരുന്ന് കലർത്തി മയക്കി ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 20 ലക്ഷത്തോളം രൂപ; ഓട്ടോറിക്ഷ ഡ്രൈവർ തൃശൂർ പോലീസിന്റെ പിടിയിൽ; തട്ടിയെടുത്ത പണം മുഴുവൻ ആഡംബര ജീവിതത്തിനും ഓൺലൈൻ റമ്മി കളിക്കാനും ഉപയോഗിച്ചുവെന്ന് പ്രതി പോലീസിനോട്

57

തൃശൂർ സ്വദേശിയായ ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിരുതൻ ഈസ്റ്റ് പോലീസിന്റെ പിടിയിൽ. ഇടുക്കി തടിയംപാടം മാടോലി വീട്ടിൽ നിഷാദ് ജബ്ബാർ (34) നെ യാണ് തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

Advertisement

കഥയറിയാം

തൃശൂരിലെ ഒരു പ്രമുഖ ഡോക്ടർ ഒരു ദിവസം രാത്രി തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ കയറി സ്വന്തം വീട്ടിൽ വന്നിറങ്ങുന്നു. ഈ യാത്രയിൽ ഡോക്ടറുമായി ഓട്ടോറിക്ഷ ഡ്രൈവർ പരിചയം സ്ഥാപിച്ച്, തനിക്ക് കാർ ഓടിക്കാൻ അറിയാമെന്നും, എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചുകൊള്ളുവാനും, താൻ സഹായത്തിന് എത്താമെന്നും പറഞ്ഞ് ഫോൺ നമ്പർ നൽകുന്നു. ഇതിനുശേഷം ഡോക്ടർ പല ആവശ്യങ്ങൾക്കും ഇയാളെ വിളിച്ച് സ്വന്തം കാറിൽ പല സ്ഥലങ്ങളിലും പോകാറുണ്ടായിരുന്നു.

IMG 20221116 WA0146

ഡോക്ടറുടെ വിശ്വാസം പിടിച്ചുപറ്റിയതിനെതുടർന്ന് ദീർഘദൂരയാത്രകൾക്കും ഡോക്ടർ ഇയാളെ കൂടെ കൂട്ടുക പതിവായിരുന്നു. ഡോക്ടറുടെ സന്തത സഹചാരി എന്ന നിലയിൽ ഡോക്ടറോടൊപ്പമുള്ള സമയങ്ങളിൽ, ഇയാൾ ഡോക്ടറെ നിരീക്ഷിക്കുകയും, ബാങ്ക് എക്കൌണ്ട് വിവരങ്ങൾ, മൊബൈൽ ഫോൺ ബാങ്കിങ്ങ് പിൻ നമ്പർ, ഓടിപി എന്നിവ കൈക്കലാക്കിയിരുന്നു. ഡോക്ടർ വല്ലപ്പോഴും മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണെന്ന് മനസ്സിലാക്കിയ ഇയാൾ, യാത്രകൾക്കിടയിൽ എവിടെയോ വെച്ച്, ഡോക്ടർക്ക് മദ്യത്തിൽ, മാരകമായ എന്തോ ലഹരി വസ്തു നൽകുകയും, ഡോക്ടർ അബോധാവസ്ഥയിലായ സമയം, ഡോക്ടറുടെ മൊബൈൽ ഫോൺ ഇയാൾ കൈവശപ്പെടുത്തി, ഇന്റർനെറ്റ് ബാങ്കിങ്ങ് വഴി, പലതവണകളായി 20 ലക്ഷത്തോളം രൂപ ഇയാളുടെ എക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് പണം നഷ്ടപ്പെട്ടത്. തുടർന്ന്, തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ കുന്ദംകുളം, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പുകേസുകൾ നിലവിലുണ്ട്. തൃശൂർ നഗരത്തിലെ ലോഡ്ജിൽ താമസിച്ച്, ദിവസ വാടക അടിസ്ഥാനത്തിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു ഇയാൾ. ഇയാൾക്ക് NEFT, IMPS ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ, ഇന്റർനെറ്റ് ബാങ്കിങ്ങ് തുടങ്ങിയ ഇടപാടുകളിൽ നല്ല പരിജ്ഞാനമുണ്ട്. തട്ടിയെടുത്ത പണം മുഴുവനും ആഢംബര ജീവിതത്തിനും, ഓൺലൈൻ റമ്മി കളിക്കുവാനും ഉപയോഗിച്ചതായാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇയാൾക്കെതിരെ കേരളത്തിലെ ഇതര പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടോ എന്ന് അന്വേഷണം നടത്തുകയാണ്.

അന്വേഷണ സംഘാംഗങ്ങൾ: സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഇ.വി. വില്ലിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ പി. ഹരീഷ് കുമാർ, വി.ബി. ദീപക്, സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ കെ.ജി. മിഥുൻ.

Advertisement