മന്ത്രിക്ക് മുന്നിൽ ചുവട് വെച്ച് കുട്ടിപ്പുലികൾ: പുലിമടകൾ സന്ദർശിച്ച് റവന്യൂ മന്ത്രി

0

നാലോണ നാളിൽ സ്വരാജ് റൗണ്ട് കിഴടക്കാൻ വരുന്ന പുലികളുടെ മട സന്ദർശിച്ച് റവന്യൂ മന്ത്രി കെ രാജൻ. സ്വരാജ് റൗണ്ടിൽ താളംചവിട്ടാൻ എത്തുന്ന പുലിക്കളി സംഘങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി.

Advertisement

ആദ്യം വിയ്യൂരിലെ പുലിമടയിലെത്തിയ മന്ത്രിക്കുമുന്നിൽ ചുവടുവച്ചത് കുട്ടിപ്പുലികൾ. ആദ്യമായി പുലിവേഷം കെട്ടുന്ന രണ്ടാം ക്ലാസ്സുകാരി ഇഷാനി ഉറച്ച ചുവടുകളോടെയാണ് താളംചവിട്ടിയത്. പുലിവേഷം അണിയുന്ന ശിവനാഥനും ഇഷാനിക്കും മന്ത്രി പുലിമുഖങ്ങൾ നൽകി.

പുലിക്കളിയെ സംരക്ഷിക്കാനും രാജ്യാന്തര ശ്രദ്ധയിൽകൊണ്ടുവരുന്നതിനുമായി മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അടുത്ത വർഷം പുലിക്കളയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും പുലിക്കളിയെ ജനീയമാകുന്നതിനുവേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും അതിനായി കോർപ്പറേഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനുഷ്ഠാന കലയായി കൊണ്ടുപോകുന്നതിനോടൊപ്പം പുതിയ തലമുറയെ ഇതിലേക്ക് ആകർഷിക്കുന്ന വിധത്തിലുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാലാം ഓണനാളിൽ പതിവുപോലെ പുലിക്കളി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അരങ്ങേറുമെന്നും എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി നേരത്തെ നേരത്തെ നിശ്ചയിച്ച പരിപാടികൾ നടക്കുമെന്നും മന്ത്രി പറഞ്ഞു.

മേയർ എം കെ വർഗ്ഗീസ്, കൗൺസിലർ വർഗ്ഗീസ് കണ്ടംകുളത്തി എന്നിവർ മന്ത്രിയോടൊപ്പം വിയ്യൂർ, പൂങ്കുന്നം, അയ്യന്തോൾ, കാനാട്ടുകര, ശക്തൻ സംഘങ്ങളിൽ സന്ദർശനം നടത്തി.

Advertisement