മഴകാലപൂർവ്വ ശുചീകരണം കോർപ്പറേഷൻ താറുമാറാക്കിയെന്ന് ജോൺ ഡാനിയേൽ: കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത്

23

മഴകാലപൂർവ്വ ശുചീകരണം കോർപ്പറേഷൻ താറുമാറാക്കിയെന്ന് പ്രതിപക്ഷ കൗൺസിലറും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയേൽ. കാലവർഷം തുടങ്ങുന്നതിന് മുൻപേ ആരംഭിക്കേണ്ട തോടുകളുടെയും കനകളുടേയും ശുചീകരണം കോർപ്പറേഷന്റെ പിടിപ്പുകേട് മൂലം ഇത്തവണയും വൈകുന്ന സ്ഥിതിയാണുള്ളതെന്ന് ജോൺ ഡാനിയൽ കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഇനി പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാനാവൂ. അനുമതി ലഭിച്ചാൽ പോലും കാലാവർഷത്തിനു മുൻപേ തോടുകളുടെ വൃത്തിയാക്കൽ പൂർത്തിയാക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിന് മുന്നേ മഴകാല ശുചീകരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇത് മുഖവിലക്കെടുക്കാത്തതിന്റെ അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കാല പ്രളയ ദുരിതപാഠങ്ങൾ കോർപ്പറേഷനെ ഒന്നും പഠിപ്പിച്ചിട്ടില്ല. ഇതിന്റെ ദുരിതം ജനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. തോടുകൾ വൃത്തിയാക്കുകയും ഇതിന് റെസിഡൻസ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും ‌സഹായം തേടണമെന്നും ജോൺ ഡാനിയൽ പറഞ്ഞു. കോർപ്പറേഷന്റെ പിടിപ്പ്കേടു കാരണം അവതാളത്തിലായ കോർപറേഷൻ പരിധിയിലെ തോട് ശുചീകരണ പ്രവർത്തികൾ യുദ്ധകാലഅടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജനസുരക്ഷ മാനിച്ച് കളക്ടർ വിഷയത്തിൽ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.