മാടക്കത്തറ കച്ചിത്തോട് ഡാം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

29

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കച്ചിത്തോട് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ വിനോദസഞ്ചാരത്തിനും കാര്‍ഷിക
മേഖലയ്ക്കും ഗുണകരമായ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ 18000 പേര്‍ക്ക് തൊഴില്‍ ഉള്‍പ്പെടെയുള്ള ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഭാഗമായാണ് കച്ചിത്തോട് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ തുടങ്ങാന്‍ കഴിഞ്ഞത്. ടൂറിസം മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോഴും പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്
പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചിയ്യാരം വാക്‌സ്ട്രീറ്റ്, മാനസസരോവരം-പുത്തൂര്‍ കായല്‍ നവീകരണം, സുവോളജിക്കല്‍ പാര്‍ക്ക്, കാര്‍ഷിക സര്‍വ്വകലാശാല ഫാം ടൂറിസം, കച്ചിത്തോട് ഡാം തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒല്ലൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കോറിഡോറാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കച്ചിത്തോട് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ബജറ്റില്‍ മൂന്ന് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

മലയും കാടും ജലശായവും ഇഴചേര്‍ന്ന് കിടക്കുന്ന കച്ചിത്തോട് എര്‍ത്ത് ഡാമിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ
ജില്ലയിലെ മലയോര മേഖലയുടെ ടൂറിസം വികസനവും സാധ്യമാകും. ഡാമില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യല്‍, നിലവിലെ ചെക്ക് ഡാമിന്റെ ചോര്‍ച്ച തടഞ്ഞ് ബലപ്പെടുത്തല്‍, ഡാമിന്റെ പുനരുജ്ജീവനം, പ്രധാന വ്യൂ പോയിന്റുകളുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക അഞ്ച് കോടിയാണ്.

കൂടാതെ നിലവില്‍ കച്ചിത്തോട് റിസര്‍വ്വോയറിനോട് അനുബന്ധിച്ച് പ്രവൃത്തിക്കുന്ന വാരിക്കുളം കുടിവെള്ള പദ്ധതിയുടെ ജല വിതരണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകും. വാരിക്കുളം കുടിവെള്ള പദ്ധതിയിലൂടെ പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡിലെ 600ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. പീച്ചി ഡാമിനെ ആശ്രയിക്കാതെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക്
കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കാനും ഫാം ടൂറിസം സാധ്യതകളെ കൂടുതല്‍ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും.

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര എന്നിവര്‍ മുഖ്യാതിഥികളായി. മൈനര്‍ ഇറിഗേഷന്‍ തൃശൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍ അജയകുമാര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍
സീന പി രവീന്ദ്രന്‍, മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നെവിന്‍ സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എസ് വിനയന്‍,
വാര്‍ഡ് മെമ്പര്‍ ജെയ്മി ജോര്‍ജ്ജ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement