മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി; അന്നദാന ഫണ്ടിലേക്ക് 1.51 കോടിയുടെ കാണിക്ക

102

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കാണിക്കയായി അദ്ദേഹം 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി.
ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുതവധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. തെക്കേ നടപ്പന്തലിന് മുന്നില്‍ വെച്ച് ദേവസ്വം അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ‘കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി’ മുകേഷ് അംബാനി പറഞ്ഞു.
ക്ഷേത്രത്തിലെത്തിയ അംബാനി നമസ്‌കാരമണ്ഡപത്തിനു സമീപത്തെ വിളക്കില്‍ നെയ്യര്‍പ്പിച്ച ശേഷം ഗുരുവായൂരപ്പനെ തൊഴുതു. ക്ഷേത്രകാര്യങ്ങള്‍ എല്ലാം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി.
20 മിനിട്ടോളമാണ് അംബാനിയും സംഘവും ക്ഷേത്രത്തില്‍ ചെലവഴിച്ചത്. അഞ്ചരയോടെ ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുരകവാടത്തിന് മുന്നില്‍ വെച്ച് വി.കെ. വിജയന്‍ ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്.

Advertisement
Advertisement