മുഖ്യമന്ത്രിയുടെ കേരള പര്യടനം തൃശൂരിൽ: കേരളത്തിൻറെ മുന്നേറ്റത്തിന് ആത്മവിശ്വാസം, നെയ്യാറ്റിൻകരയിലെ സംഭവം ദുഖകരം, കുട്ടികൾക്ക് വീട് നിർമ്മിച്ച് നൽകും, വിദ്യഭ്യാസ ചിലവ് ഏറ്റെടുക്കും, പൂർണ്ണ സംരക്ഷണം നൽകും, കുതിരാൻ തുരങ്കം ജനുവരിയിലെന്ന് മുഖ്യമന്ത്രി, ടോൾ പ്ളാസയിൽ ജില്ലാ ഭരണകൂടത്തിൻറെ പ്രതികരണമറിഞ്ഞ് നടപടി, ജമാഅത്തെ ഇസ്ളാമി ഇത്തരം ചർച്ചക്ക് പറ്റിയവരല്ലെന്ന് പിണറായി

131


കേരളത്തിൻറെ മുന്നേറ്റത്തിൽ എല്ലാവർക്കും ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻറെ വികസനം മുൻനിറുത്തിയുള്ള ചർച്ചകളാണ് നടക്കുന്നതെന്നും പതിനൊന്ന് ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയെന്നും കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പറയുന്ന കാര്യങ്ങൾ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. പരിസ്ഥിതി സൗഹാർദമായ വിനോദ സഞ്ചാര വികസനത്തിന് നിർദ്ദേശങ്ങൾ ലഭിച്ചു. വിദ്യഭ്യാസ മേഖലയിലെ വികസനമാണ് ഏറ്റവും കൂടുതൽ പേർ നിർദ്ദേശിക്കുന്നത്. വനിതാ കമ്മീഷൻറെ പ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടണ്ട്. മതേതരമായ പുതിയ ആഘോഷങ്ങൾ ഉയർന്ന് വരണമെന്ന് അഭിപ്രായമുയർന്നു. എൽ.ഡി.എഫിനോട് നേരത്തെ അകലം പാലിച്ചിരുന്നവരും യു.ഡി.എഫിനോട് ചേർന്ന് നിന്നവരു കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ മരിക്കാനിടയായ സംഭവം ദുഖകരമാണ്. കുട്ടികൾക്ക് വീട് നിർമ്മിച്ച് നൽകാനും വിദ്യഭ്യാസ ചിലവ് ഏറ്റെടുക്കാനും നിർദ്ദേശം നൽകി. പൂർണ്ണ സംരക്ഷണം നൽകും. കുതിരാൻ തുരങ്കം ജനുവരിയോട് പൂർത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു. പാലിയേക്കര ടോൾപ്ളാസയിലെ പ്രശ്നങ്ങളിൽ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി നടപടി സ്വീകരിക്കും. പി.ജെ.ജോസഫിൻറെ പ്രതികരണം ഗൗരവമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്കായി സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായശേഖരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള കേരളപര്യടനം തൃശൂരിലെത്തി. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ മന്ത്രിമാരായ എ.സി.മൊയ്തീൻ, പ്രഫ.സി രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, മേയർ എം.കെ.വർഗീസ്, എം.എൽ.എമാർ, കൗൺസിലർമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വൽസരാജ്, വിദ്യഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട്, മത സാമുദായിക രംഗത്തുള്ളവർ, കലാ-സാംസ്കാരിക രംഗത്തുള്ളവർ, വ്യാപാരി വ്യവസായികൾ, പൗരപ്രമുഖർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.

https://www.facebook.com/108952877489228/posts/211248373926344/