മുഴുവൻ പഞ്ചായത്തുകളിലും കേരഗ്രാമം നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്

10

സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഈ വർഷം തന്നെ കേരഗ്രാമ പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പച്ച തേങ്ങ സംഭരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരകർഷകൻ്റെ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന ധനകാര്യ സ്ഥാപനമാണ് തെങ്ങ്.
നാളികേരത്തിൻ്റെ ഉൽപാദനത്തിന് ഒപ്പം മൂല്യ വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരോ പഞ്ചായത്തിലും കൃഷി കൂട്ടങ്ങൾ രൂപീകരിക്കുകയും ഒരു വാർഡിൽ അഞ്ച് കൃഷി കേന്ദ്രങ്ങൾ ഒരുക്കുകയും വേണം. ഒല്ലൂർ കൃഷി സമൃദ്ധിയുടെ നേതൃത്വത്തിൽ ഈ മേഖലയിലെ ഓരോ വീട്ടിലും കൃഷിത്തോട്ടങ്ങൾ ഒരുക്കാൻ മുൻകൈ എടുക്കണം. കൃഷിയിടത്തെ അടിസ്ഥാനമാക്കി കർഷകനുമായി ആലോചിച്ച് കൃഷി ഉദ്യോഗസ്ഥർ ആസൂത്രണം നടത്തണമെന്നും മന്ത്രി പറഞ്ഞു.

Advertisement

കാർഷിക മേഖലയിൽ ശ്രദ്ധേയമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ രൂപീകരിച്ചിരിക്കുന്നത്. വിളയധിഷ്ഠിത കൃഷിയിൽ നിന്ന് സംയോജിത കൃഷിയിലേക്ക് കർഷകർ മാറി തുടങ്ങിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
കേരളത്തിൽ കൃഷിയുടെ വളർച്ചക്കായി 24536 കൃഷി കൂട്ടായ്മകൾ രൂപീകരിച്ച് കാർഷിക മേഖലയിൽ മുന്നേറ്റം കുറിയ്ക്കുകയാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേര ഫെഡുമായി സഹകരിച്ച് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ വെട്ടുകാട് സംഭരണ കേന്ദ്രത്തിലാണ് നളികേരം സംഭരണം നടത്തുന്നത്.

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡൻ്റ് കെ ആർ രവി മുഖ്യാതിഥിയായി.
പുത്തൂർ വെട്ടുകാട് സെൻ്റ് ജോസഫ് പള്ളി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനി ഉണ്ണികൃഷ്ണൻ,
ഇന്ദിര മോഹൻ,
പി പി രവീന്ദ്രൻ,
ജില്ലാ കൃഷി ഓഫീസർ കെ കെ സിനിയ, കേര ഫെഡ്
റീജിണൽ മാനേജർ കെ എ ജസ്മിൻ, ഒല്ലൂക്കര കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി സി സത്യവർമ്മ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസഫ് ടാജറ്റ്, കെ വി സജു
ബ്ലോക്ക് മെമ്പർ സിനി പ്രദീപ്, കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

Advertisement