മൃഗസംരക്ഷണവും മനുഷ്യ സംരക്ഷണവും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി കെ രാജൻ; തീവ്ര വാക്സിനേഷൻ യജ്ഞത്തിന് തൃശൂർ ജില്ലയിൽ തുടക്കമായി

5

കേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘങ്ങളുടെയും മൃഗസ്നേഹികളുടെയും അഭിപ്രായത്തെ മാനിച്ചു കൊണ്ട് മൃഗസംരക്ഷണവും മനുഷ്യ സംരക്ഷണവും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

Advertisement

പേവിഷബാധ ചെറുക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ നടപ്പിലാക്കുന്ന തീവ്ര വാക്സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ ഔദ്യോഗിക കണക്കുപ്രകാരം 99,000 വും അനൗദ്യോഗിക കണക്കുപ്രകാരം 124000ത്തിലധികവും തെരുവുനായകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ആദ്യഘട്ട യജ്ഞത്തിൽ പരമാവധി നായകൾക്ക് കുത്തിവെപ്പ് നടത്തുവാനും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെൽട്ടർ നിർമ്മിച്ച് സംരക്ഷിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനായി 20 നായപിടുത്തക്കാർക്ക് പരിശീലനം നൽകി. താല്പര്യമുള്ള കൂടുതൽ ആളുകളെ കണ്ടെത്തുവാനും പരിശീലനം നൽകുവാനും വെറ്റിനറി സർവകലാശാലയുടെ സഹായത്തോടെ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെ വാഹനസൗകര്യം ഉൾപ്പെടെയുള്ളവ ഒരുക്കും.

കാര്യക്ഷമമായ രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേരുമെന്ന് മന്ത്രി പറഞ്ഞു. തെരുവുനായശല്യം രൂക്ഷമാകുന്നതിനുമുൻപേ തന്നെ ജില്ലാ പഞ്ചായത്ത് എബിസി ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ഒരു കോടി രൂപ വകയിരുത്തിയത് നേട്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരുവുനായകളെ പിടികൂടി കുത്തിവെപ്പ് നൽകി അതേ സ്ഥലത്തുതന്നെ തുറന്നുവിടുന്നതാണ് പദ്ധതി. തെരുവുനായകൾക്ക് ഭക്ഷണം നൽകി പരിപാലിക്കുന്നവരുടെ സഹായവും തേടും. വാക്‌സിനേഷൻ നൽകിയ നായകളെ തിരിച്ചറിയാൻ പ്രത്യേകം സ്പ്രേയോ ചിപ്പോ ഉപയോഗിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷതയിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി ഫ്രാൻസിസ് ബാസ്റ്റ്യൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ പ്രസിഡണ്ട് ഡോ. വി എം ഹാരിസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ നിർമ്മൽ എസ് സി, ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ ലത മേനോൻ, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വാക്സിൻ നൽകുന്നതിനുള്ള പരിശീലനവും കുടുംബശ്രീ പ്രവർത്തകർക്കുള്ള ബോധവൽക്കരണ ക്ലാസ്സും അനിമൽ വെൽഫെയർ ബോർഡ് ഡോ. പി ബി ഹരിദാസിന്റെ നേതൃത്വത്തിൽ നടത്തി.

Advertisement