മൃഗസംരക്ഷണ വകുപ്പിന്റെ ഡെവലപ്പ്മെന്റ് മോഡൽ പഞ്ചായത്തായി മാടക്കത്തറ

13

മൃഗസംരക്ഷണ വകുപ്പ്  തിരഞ്ഞെടുത്ത മോഡൽ 
ഗ്രാമപഞ്ചായത്തുകളിൽ മാടക്കത്തറ ഗ്രാമപഞ്ചായത്തും.
മൃഗസംരക്ഷണ വകുപ്പിന്റെ പ്ലാൻ സ്കീം 2021-22 സാമ്പത്തിക വർഷത്തിൽ സ്ട്രാറ്റജിക് റിസർച്ച് എക്സ്റ്റൻഷൻ പ്ലാൻ ഡെവലപ്മെന്റ് ഓഫ് മോഡൽ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ നിന്ന് മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞടുത്തിരിക്കുന്നത്.
സംസ്ഥാന തലത്തിൽ  14 ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. 70 ലക്ഷം രൂപയാണ് ഇതിനായി ആകെ വകയിരുത്തിയിട്ടുള്ളത്.  മാടക്കത്തറയിൽ പദ്ധതി നടത്തിപ്പിനായി ചിറക്കക്കോട്  മൃഗാശുപത്രിയിലെ വെറ്റനറി സർജൻ ഡോ.ബിന്ദുവിനെ നിർവഹണ ഉദ്യോഗസ്ഥയായി ചുമതലപ്പെടുത്തി.
മോഡൽ പഞ്ചായത്തിന്റെ ഭാഗമായി സ്കൂൾ ഗോട്ട് ക്ലബ്, വനിതാ കറവ പശു എന്നീ രണ്ട് പദ്ധതികളാണ്  പഞ്ചായത്തിൽ നടപ്പിലാക്കുന്നത്.  കുട്ടികളിൽ കാർഷിക മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ ഗോട്ട് ക്ലബ്. മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കട്ടിലപൂവ്വം ഗവ. ഹൈസ്കൂളിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്. സ്കൂളിലെ 5 മുതൽ 9 വരെ ക്ലാസിലെ  തിരഞ്ഞെടുത്ത 25 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി ആടിനെ വിതരണം ചെയ്തു. മൃഗപരിപാലനത്തിലൂടെ കുടുംബങ്ങൾക്ക് നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തതാണ്  വനിതാ കറവപശു പദ്ധതി. പത്ത് വനിതാ കർഷകരെ കണ്ടെത്തി ഓരോ കറവ പശു  വീതം നൽകുന്നതാണ് പദ്ധതി.