മെഡിക്കൽ കോളേജുകളിലെത്തുന്നവർക്ക് ലഭിക്കുന്നത് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളെന്ന് മന്ത്രി വീണാ ജോർജ്

17

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടി എത്തുന്ന ഓരോ രോഗിക്കും ലഭിക്കുന്നത് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സ മെഡിക്കൽ കോളേജുകളിൽ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാധാരണക്കാരായ ആളുകൾക്ക് ദീർഘദൂരം സഞ്ചരിക്കാതെ തിരക്ക് കൂട്ടാതെ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന  ആശുപത്രിയുടെയും ക്വാർട്ടേഴ്സിൻ്റെയും ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.

Advertisement

പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും. ബ്ലോക്കിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. താലൂക്ക് തലം മുതലുള്ള സെക്കന്ററി ലെവൽ ആശുപത്രികൾ സ്പെഷലിസ്റ്റ് ആശുപത്രികളായി മാറുമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ മെഡിക്കൽ കോളേജ് കാഷ്വാലിറ്റി എല്ലാവിധ ഉപകരണങ്ങളും സജ്ജമാക്കിക്കൊണ്ട് പൂർണ്ണതോതിൽ പ്രവർത്തന നിരതമാവാൻ പോവുകയാണ്. അവിടെ ഒരു എംആർഐ മെഷീൻ അടക്കം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ഇനിയും നടത്തും.

നബാർഡ് ആർ ഐ ഡി എഫ് വിഹിതമായ ഏഴ് കോടി ഇരുപത് ലക്ഷം രൂപ ഉപയോഗിച്ചാണ് എരുമപ്പെട്ടി സിഎച്ച്സിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പ്രദേശത്തിന്റെ പ്രാധാന്യവും വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്തിന് പുറമെ സമീപ പ്രദേശങ്ങളിൽ നിന്ന് കൂടി ജനങ്ങൾ എത്തുന്നത് പരിഗണിച്ചും  മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തസ്തികകൾ ഉൾപ്പടെ സൃഷ്ടിച്ച് ഒ പി പ്രവർത്തന സജ്ജമാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി. ആർദ്രം മിഷന്റെ ഭാഗമായി 40 ലക്ഷം രൂപ കൂടി ആശുപത്രിക്ക് അനുവദിച്ച കാര്യവും മന്ത്രി അറിയിച്ചു.

രണ്ട് നിലകളിലായുള്ള ഒപി ബ്ലോക്ക് (830 ച.മീ), മുകളിലേയ്ക്ക് പണിയാവുന്ന വിധത്തില്‍ ഒറ്റ നിലയിലുള്ള ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ് (200 ച.മീ), ഇന്‍പേഷ്യന്റ് ബ്ലോക്കില്‍ നിലവിലുള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ട് അധികനിലകളും ലിഫ്റ്റ് സൗകര്യങ്ങളും (930 ച.മീ) ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് ആശുപത്രിയിൽ നടക്കുക. പൊതുമരാമത്ത് കെട്ടിട വിഭാഗം മേല്‍നോട്ടചുമതല വഹിക്കും.

എസി മൊയ്തീൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി നഫീസ സ്വാഗതം പറഞ്ഞു. പി ഡബ്ല്യു ഡി  സൂപ്രണ്ടിംഗ് എൻജിനീയർ  വി കെ ശ്രീമാല നിർമ്മാണപ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ കെ കുട്ടപ്പൻ, ഡി.പി.എം. ഡോ.യു ആർ രാഹുൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ബസന്ത് ലിൽ, ടി വി സുനിൽകുമാർ, കെ ജയരാജ്, ഗിരിജ മേലേടത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജലീൽ ആദൂർ, പി എസ് വിനയൻ,  മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.

Advertisement