മോളിക്യുലാർ ഡയഗനോസിസ് സെൻ്ററും മ്യൂസിയവും തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഒരുങ്ങുമെന്ന് മന്ത്രി കെ.കെ ശൈലജ

9
8 / 100

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ മോളിക്യുലാർ ഡയഗനോസിസ് സെൻ്ററും കേരളത്തിലെ ആരോഗ്യ രംഗത്തെ നാൾവഴികൾ രേഖപ്പെടുത്തുന്ന മ്യൂസിയവും ഒരുങ്ങുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ. തൃശൂർ ഗവർൺമെൻ്റ് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന 22.59 കോടിയുടെ പൂർത്തീകരിച്ച പദ്ധതികളുടെയും വിവിധ നിർമ്മാണ പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രദ്ധയിൽപ്പെടുത്തിയ മോളിക്യുലാർ ഡയഗണോസിസ് സെൻ്റർ, മ്യൂസിയം എന്നീ രണ്ട് പദ്ധതികളാണ് പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി അനുവദിക്കുമെന്ന് യോഗത്തിൽ മന്ത്രി വ്യക്തമാക്കിയത്.

ജില്ലയിൽ ആരോഗ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത നേട്ടങ്ങളാണ് സർക്കാർ സമ്മാനിച്ചിട്ടുള്ളത്. ജില്ലയിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മാത്രമായി 22.59 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കിയ 14 പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ഇതിൽ 12 പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനങ്ങളും രണ്ട് നിർമ്മാണ ഉദ്ഘാടനങ്ങളുമാണ് ഉള്ളത്. നെഞ്ചുരോഗാശുപത്രി പുതിയ സി ടി സ്കാനർ ( 1.79 കോടി ), നെഞ്ചു രോഗാശുപത്രി സി ടി സിമുലേറ്റർ ( 4 കോടി ), പ്രാണ എയർ ഫോർ കെയർ പദ്ധതി ( 20 ലക്ഷം ), ടെലി ഐ സി യു ( 25 ലക്ഷം ), സെന്റർ ഫോർ സ്കിൻ ഡെവലപ്പ്മെന്റ് ആൻന്റ് ട്രെയിനിങ് (2 കോടി), പണി പൂർത്തീകരിച്ച ആദ്യന്തര റോഡുകളുടെ നിർമ്മാണം (75 ലക്ഷം), മൾട്ടിപർപ്പസ് ഹാൾ നിർമാണം (3 കോടി), ഡേ കെയർ കീമോ തെറാപ്പി യൂണിറ്റ് രണ്ടാം ഘട്ടം (2.50 കോടി ), സെൻട്രൽ വെയർ ഹൗസ് നിർമ്മാണം (2 കോടി), ലേഡീസ് ഹോസ്റ്റൽ (4.15 കോടി ), ഓപ്പറേഷൻ തിയേറ്റർ നവീകരണം (90 ലക്ഷം ), ഡെന്റൽ കോളേജ് പാരാമെഡിക്കൽ ലാബ് നവീകരണം (15 ലക്ഷം ), ഓക്സിജൻ ജനറേറ്റർ പ്ലാൻ്റ് നിർമ്മാണം (60 ലക്ഷം) എന്നിവയുടെ ഉദ്ഘാടനങ്ങളാണ് മന്ത്രി നിർവ്വഹിച്ചത്.

തുടർന്ന് തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി കെട്ടിടം, ഡയാലിസിസ് യൂണിറ്റ്,
ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ
ടെലി ഐസിയു ഹബ്ബ് ആൻ്റ് സ്പോക്ക് മോഡൽ, കെ എ എസ് പി കിയോസ്ക്, കോവിഡ് – 19 മരുന്നും ഉപകരണങ്ങളും, ഔട്ട്റീച്ച് ഇമ്മ്യൂണൈസേഷൻ വാഹനം, കുന്നംകുളം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ
കോവിഡ് – 19 ഐസൊലേഷൻ വാർഡ്, തീയറ്റർ ഉപകരണങ്ങൾ.
ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ
മെറ്റേർണിറ്റി ബ്ലോഗിൻ്റെ 1,2 നിലകൾ, പോങ്കോത്ര, എറവക്കാട്, പുത്തൂർ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ തുടങ്ങിയവ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, വിദ്യാഭ്യാസ വകുപ്പ്
പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷി വകുപ്പ് മന്ത്രി എസ് സുനിൽകുമാർ,
നിയമസഭ ചീഫ് വിപ്പ് കെ രാജൻ, വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര, ആലത്തൂർ ലോകസഭാ മണ്ഡലം എംപി രമ്യ ഹരിദാസ്, തൃശ്ശൂർ ലോകസഭാ മണ്ഡലം എംപി ടി എൻ പ്രതാപൻ തുടങ്ങിയവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. പിഡബ്ല്യുഡി നിർമ്മാണ വിഭാഗം .ചീഫ് എൻജിനീയർ ഷൈജിൻ ആൽബർട്ട്, ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന,
ജില്ലാ പ്രോഗ്രാം മാനേജർ എൻഎച്ച്എം ടി വി സതീശൻ,
ജിഎംസിസിഎച്ച് സൂപ്രണ്ട്
ഷഹനാ എ ഖാദർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു

തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ എം എ ആൻഡ്രൂസ് സ്വാഗതവും ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആർ ബിജുകൃഷ്ണൻ നന്ദിയും പറഞ്ഞു.