Home Kerala Thrissur രണ്ടേകാൽ നൂറ്റാണ്ടിലും പത്തരമാറ്റ് തിളക്കത്തിൽ; പാലപ്പൂവഴകുമായി തിരുവമ്പാടിയുടെ നെറ്റിപ്പട്ട വിസ്മയം

രണ്ടേകാൽ നൂറ്റാണ്ടിലും പത്തരമാറ്റ് തിളക്കത്തിൽ; പാലപ്പൂവഴകുമായി തിരുവമ്പാടിയുടെ നെറ്റിപ്പട്ട വിസ്മയം

0
രണ്ടേകാൽ നൂറ്റാണ്ടിലും പത്തരമാറ്റ് തിളക്കത്തിൽ; പാലപ്പൂവഴകുമായി തിരുവമ്പാടിയുടെ നെറ്റിപ്പട്ട വിസ്മയം

പൂരപ്പഴമയോളം പൊൻതിളക്കമുള്ള പാലപ്പൂവഴകുമായി തിരുവമ്പാടിയുടെ നെറ്റിപ്പട്ട വിസ്മയം. രണ്ടു നൂറ്റാണ്ടുമുൻപേ വരിക്കാശേരി മനക്കാർ സമ്മാനിച്ച ഇൗ തലേക്കെട്ട് കൃഷ്ണവരവിനു സ്വർണമിഴിവേകും. എണ്ണംപറഞ്ഞ ഗജശ്രേഷ്ഠൻമാർ അണിഞ്ഞ ഇൗ നെറ്റിപ്പട്ടമണിഞ്ഞു തിടന്പേറ്റാൻ ഇത്തവണ നിയോഗം തിരുവന്പാടി ചന്ദ്രശേഖരന്.
ഇതടക്കം ഒന്പത് നെറ്റിപ്പട്ടങ്ങളാണു 200 വർഷങ്ങൾക്കു മുന്പു വരിക്കാശേരി മനയിൽനിന്നു ലഭിച്ചിട്ടുള്ളത്. കാലാനുസൃതമായ മിനുക്കുപണികളോടെ സ്വർണം പൂശിയും കന്പിളിനൂലുകൊണ്ടു പൊടിപ്പുകൾ തുന്നിച്ചേർത്തും നെഞ്ചോടു ചേർ‌ത്താണ് ദേശക്കാർ ഇൗ പാരന്പര്യനിധി കൊണ്ടുനടക്കുന്നത്.
പാറമേക്കാവ്, തിരുവന്പാടി ദേശങ്ങളിൽ ആനയാഭരണങ്ങളുടെ ഒരുക്കങ്ങൾ സജീവമാണ്. ഇതിൽ ഏറ്റവും പ്രധാനം നെറ്റിപ്പട്ടം തന്നെ. പാറമേക്കാവ് വിഭാഗം ആനകളണിയുന്ന നെറ്റിപ്പട്ടത്തിനുമുണ്ട് സ്വർണപ്രഭ വിടർത്തുന്ന പൂരസ്മരണകൾ.
15 വീതം നെറ്റിപ്പട്ടങ്ങളാണ് ദേവസ്വങ്ങൾ ഒരുക്കുന്നത്. പഴക്കമുള്ളവ മാറ്റിയും സ്വർണംപൂശിയും പാരന്പര്യസ്വത്തുക്കൾ കൈമോശം വരാതെ സൂക്ഷിച്ചുപയോഗിക്കുന്നു. ഇരു ദേവസ്വങ്ങൾക്കും കുടകൾ നിർമിച്ചു നല്കുന്ന കുന്നത്തങ്ങാടി വസന്തനും (പാറമേക്കാവ്), അരണാട്ടുകര പുരുഷോത്തമനുമാണു (തിരുവമ്പാടി) നെറ്റിപ്പട്ടങ്ങളും ഉണ്ടാക്കുന്നത്.
15 ആനകൾക്ക് അണിയാനുള്ളതിൽ നടുവിൽ നിൽക്കുന്ന തിടന്പേറ്റിയ ആനയ്ക്കു ചൂരപ്പൊളി (ചൂരൽപൊളി) നെറ്റിപ്പട്ടമാണ് ഉപയോഗിക്കുക. നെറ്റിപ്പട്ടത്തിലെ വലിയ കുമിളകൾക്കു ചുറ്റും ചൂരൽപൊളിച്ചു വച്ചപോലെയായിരിക്കും അലങ്കാരം. വലതും ഇടതും നിൽക്കുന്ന പറ്റാനാകൾക്ക് നാഗപടം. പേരു സൂചിപ്പിക്കുംപോലെ നാഗത്തിന്‍റെ പടത്തിന്‍റെ രൂപം. ബാക്കിയുള്ള കൂട്ടാനകൾക്കു വണ്ടോട് തലക്കെട്ടും അണിയിക്കും.
നെറ്റിപ്പട്ടങ്ങളിൽ 11 ചന്ദ്രകലകൾ, 37 ഇടകിണ്ണം, രണ്ട് വട്ടക്കിണ്ണം, നടുവിൽ കുംഭൻകിണ്ണം തുടങ്ങിയവ നിശ്ചിത അളവുകളിൽ ഉണ്ടാകും. ചാക്കിൽ ജഗന്നാഥൻ തുണിയും അതിനുമുകളിൽ കോട്ടൺ തുണിയും അളവുകണക്കിനു വെട്ടിയെടുത്ത് സ്വർണം പൂശിയ ചെന്പുകുമിളകൾ തുന്നിച്ചേർത്താണു നെറ്റിപ്പട്ടം ഉണ്ടാക്കുന്നത്.
ആനയുടെ കഴുത്തിലണിയുന്ന കച്ചക്കയർ, കഴുത്തിലെ മണിമാല, കാൽമണി (പാദസരം), പള്ളമണി (വയറിൽ ഇടുന്ന രണ്ടു കുടമണികൾ) എന്നിവയുടെ പണികളും തിരുവന്പാടി, പാറമേക്കാവ് ദേശങ്ങളിൽ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here