രാമനിലയം മുഖം മിനുക്കിയപ്പോൾ അച്യുതമേനോൻ പുറത്ത്; അതൃപ്തിയറിയിച്ച് മുഹമ്മദ് റിയാസിന് ബിനോയ്‌ വിശ്വത്തിന്റെ കത്ത്

70

തൃശൂർ രാമനിലയം നവീകരിച്ച് പ്രൗഡി വീണ്ടെടുത്തപ്പോൾ അച്യുതമേനോന്റെ ചിത്രം പുറത്ത്. നവീകരണശേഷം വന്ന മാറ്റങ്ങളിൽ, പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി, കേരള മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രങ്ങൾ നിരന്നപ്പോഴും അച്യുതമേനോൻ അവിടെ സ്ഥാനംപിടിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി മുൻമന്ത്രി ബിനോയ് വിശ്വം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്തെഴുതി. കത്തിന്റെ പകർപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.’ഞാൻ പറയുന്ന പഴയ കെട്ടിടത്തിന്റെ നവീകരണത്തിന് ശേഷം അതിന്റെ ചരിത്രം ലഘുവായി പ്രതിപാദിക്കുന്ന ഒരു കുറിപ്പ് പൂമുഖത്ത് ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ സന്ദർശിച്ച വിശിഷ്ട വ്യക്തികളെ ഇതിൽ കാണാം. സഖാക്കൾ ഇഎംഎസും, ഇ.കെ. നായനാരും, ശ്രീ കെ. കരുണാകരനും ശ്രീമതി ഇന്ദിരാഗാന്ധിയും എല്ലാം ആ ചിത്രങ്ങളിൽ ഉണ്ട്. ഒട്ടേറെ കാരണങ്ങളാൽ അതിൽ ഉണ്ടാകേണ്ടിയിരുന്ന സഖാവ് അച്യുതമേനോന്റെ ചിത്രം കണ്ടില്ല. ചരിത്രബോധമോ രാഷ്ട്രീയ ബോധമോ നീതിബോധമോ ഉള്ള ഒരാളും അങ്ങനെ ചെയ്യില്ല എന്ന് എനിക്ക് റിയാസിനും ഉറപ്പായും അറിയാം. എന്നാൽ നമ്മുടെ ഉദ്യോഗസ്ഥന്മാരിൽ പലർക്കും അത്തരം ബോധങ്ങൾ ഏറെ കുറവാണ്. അന്നന്ന് കാണുന്നവരെ വാഴ്ത്തുന്ന അൽപ്പത്തരക്കാരാൽ നയിക്കപ്പെടുന്നവരാണ് അവരിൽ ചിലരെങ്കിലും. അത്തരക്കാർ കാട്ടിക്കൂട്ടുന്ന അഴിമതികളും വിക്രിയകളും റിയാസിനും ബോധ്യമുള്ളതാണല്ലോ. അച്യുതമേനോന്റെ ചിത്രം ഒരിടം പിടിച്ചാൽ അന്നത്തെ മന്ത്രിക്കോ മന്ത്രിയുടെ ഓഫീസിനോ അനിഷ്ടം തോന്നിയാലോ എന്ന് ചിന്തിച്ച ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ നെറികേടാണ് ഇവിടെ കാണുന്നത്,’ കത്തിന്റെ ഒരു ഭാഗത്ത് ബിനോയ് വിശ്വം പരാമർശിച്ചു.ടൗൺഹാൾ റോഡിൽ, കേരള സംഗീത നാടക അക്കാദമിയുടെ മുൻവശത്തായി, ശക്തൻ തമ്പുരാൻ കൊട്ടാരത്തിനോട് ചേർന്നാണ് നവീകരിച്ച രാമനിലയം ഗസ്റ്റ് ഹൗസ് നിലനിൽക്കുന്നത്. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് ധാരാളം അനുമാനങ്ങൾ നിലവിലുണ്ട്. ഇത് ഒരു കാലത്ത് ഒരു കൊട്ടാരം ആയിരുന്നെന്നും, ഒരു സൈനിക ബാരക്ക് ആണെന്നും, ഒരു റിക്രൂട്ട്‌മെന്റ് സെന്റർ ആയിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇത് ഒരിക്കൽ ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ ഔട്ട്‌ഹൗസായിരുന്നുവെന്നും, പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് റെസിഡൻസിയായി മാറ്റപ്പെട്ടു എന്നും പറയുന്നു. കെ. കരുണാകരന്റെ ഭരണത്തിന് രാമനിലയവുമായി ബന്ധപ്പെട്ട് വർഷങ്ങളുടെ ചരിത്രവും പറയാനുണ്ട്.

Advertisement
Advertisement