‘രോഗികളെ നിങ്ങള്‍ക്കു കൊന്നു തിന്നാനുള്ളതല്ല’: ഡോക്ടറുടെ വീഴ്ചയും അലംഭാവവും മറച്ചുവയ്ക്കാൻ ജനപ്രതിനിധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ലാലി ജെയിംസ്

268

തൃശൂർ ഗവ.മാനസീകാരോഗ്യകേന്ദ്രത്തിൽ ഓ.പിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ അധിക്ഷേപിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പ്രതികരിച്ച് കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസ്. രോഗിെയ പരിചരിക്കാത്ത ഡോക്ടറുടെ വീഴ്ചയും അലംഭാവവും മറച്ചുവെക്കാനാണ് ജനപ്രതിനിധിയായ തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിക്കുന്നതെന്ന് ലാലി കുറ്റപ്പെടുത്തി. തൻറെ ഡിവിഷനിലെ രോഗിയുടെ വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ താൻ അടക്കമുള്ളവരോട് ഡോക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും താൻ ജനപ്രതിനിധി മാത്രമല്ലെന്നും ആരോഗ്യപ്രവർത്തക കൂടെയാണെന്നും ലാലി പറയുന്നു. ലാലിയുടെ പ്രതികരണം സമൂഹമാധ്യമത്തിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement

ലാലി ജെയിംസിൻറെ കുറിപ്പ് വായിക്കാം
രോഗികളെ നിങ്ങള്‍ക്കു കൊന്നു തിന്നാനുള്ളതല്ല

ഞാന്‍ ലാലി ജയിംസ്, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറാണ്. എനിക്കെതിരേ ഒരു ഡോക്ടറും അയാളുടെ സംഘടനയും നടത്തുന്ന കള്ളക്കേസുകളുടേയും സൈബര്‍ ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സത്യാവസ്ഥ അറിയിക്കാനാണ് ഈ കുറിപ്പ്.

തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എന്റെ ഡിവിഷനിലെ ഒരു രോഗിയെ കൊണ്ടുപോയതിന്റെ പേരിലാണ് എനിക്കെതിരേയുള്ള ആക്രണം. മാര്‍ച്ച് 20 നു രാവിലെ പത്തോടെ കാര്യാട്ടുകര സ്വദേശി കോമ്പാറ വീട്ടില്‍ ജോഷി (49) എന്ന രോഗിയേയും കൂട്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊത്ത് തൃശൂര്‍ പടിഞ്ഞാറേ കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്കു പോയത്.

ജോഷിയെ മാര്‍ച്ച് ആദ്യ വാരം മുതല്‍ കാണാനില്ലായിരുന്നു. ഇക്കാര്യം ജോഷിയുടെ സഹോദരി ഷീബ എന്നോടു പരാതിപ്പെട്ടിരുന്നു. നാലഞ്ചു വര്‍ഷം മുമ്പ് ജോഷിയെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ കിടത്തി ചികില്‍സിച്ചിരുന്നു. ഇപ്പോള്‍ ജോഷിക്കു രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ജോഷി എവിടെയെല്ലാം പോയി എന്തെല്ലാം ചെയ്യുമെന്ന് അറിയില്ല. അതിനാല്‍ ജോഷിയെ കണ്ടെത്തി ചികില്‍സ നല്‍കണമെന്നാണ് ഷീബ ആവശ്യപ്പെട്ടത്.
അര്‍ധരാത്രിയോടെ ഷീബ ഇതേ പരാതിയുമായി എന്നെ വീണ്ടും വിളിച്ചു. അവരെ സഹായിക്കാന്‍ അപ്പോള്‍തന്നെ ഷീബയുടെ വീട്ടില്‍ പോയി. അവരേയും കൂട്ടി വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പോയി ജോഷിയെ കാണാനില്ലെന്ന പരാതി നല്‍കുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കുശേഷം കൊണ്ടാഴി പോലീസ് സ്‌റ്റേഷനില്‍നിന്നു ജോഷിയുടെ സഹോദരി ഷീബയ്ക്കു ഫോണ്‍ സന്ദേശം വന്നു. ജോഷിയെ സ്‌റ്റേഷന്‍ പരിധിയില്‍ പിടികൂടിയിട്ടുണ്ട്. അയാളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ഥിച്ച് ഷീബ ഡിവിഷന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ എന്നെ സമീപിച്ചു. ഞാന്‍ കൊണ്ടാഴി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു.
മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണു ബന്ധുക്കള്‍ ആവശ്യപ്പെടുന്നതെന്ന് കൊണ്ടാഴി പോലീസ് സ്‌റ്റേഷനിലെ അധികാരികളോട് നിര്‍ദേശിച്ചു. എന്നാല്‍ ബന്ധുക്കള്‍ ഉള്ളതിനാല്‍ അവര്‍തന്നെ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കട്ടെയെന്ന് പോലീസ് നിലപാടെടുത്തു.
അവര്‍തന്നെ ഒരു ബസില്‍ കയറ്റി തൃശൂരിലേക്കു വിട്ടു. തൃശൂര്‍ വെസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. രാത്രി വൈകി ജോഷി തൃശൂരില്‍ വന്നിറങ്ങിയപ്പോള്‍ സഹോദരിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ജോഷിയെ കൂട്ടിക്കൊണ്ടുപോയി. ഒരു ഷാഡോ പോലീസുകാരനും ഇതിനു ദൃക്‌സാക്ഷിയാണ്. പിറ്റേന്നു രാവിലെ വെസ്റ്റ് പോലീസില്‍ എത്തിക്കണമെന്നും പോലീസ് അറിയിച്ചു
ജോഷിയേയുംകൂട്ടി പോലീസ് സ്‌റ്റേഷനിലേക്കു പോകാന്‍ സഹോദരിയായ ഷീബ കൗണ്‍സിലറായ എന്നോടു കൂട്ടിനു വരണമെന്ന് അഭ്യര്‍ഥിച്ചു. ഇലക് ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ചുമതലയേറ്റിരിക്കുന്ന പുതിയ സിഐ ആണ്. മാനസിക രോഗമുള്ളതിനാല്‍ അവിടെ കാണിക്കണമെന്നും കിടത്തി ചികില്‍സിക്കേണ്ട അവസ്ഥയാണെന്നും ഞങ്ങള്‍ പറഞ്ഞു. അങ്ങനെ മനോരോഗാശുപത്രിയിലേക്കു ജോഷിയെ കൊണ്ടുപോകാന്‍ തീരുമാനമായി. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഒരു പോലീസുകാരനെകൂടി ഞങ്ങളോടൊപ്പം വിട്ടു.
ഞങ്ങള്‍ മനോരോഗാശുപത്രിയില്‍ എത്തി. കരണ്ടില്ലാത്തതിനാല്‍ രോഗികളും സ്റ്റാഫുമെല്ലാം വിയര്‍ത്തു കുളിച്ചിരിക്കുകയാണ്. ജോഷിയുടെ ഊഴമെത്തിയപ്പോള്‍ സഹോദരി ഷീബ ഡോക്ടറോടു കാര്യങ്ങള്‍ വിശദീകരിച്ചു. രോഗിയായ ജോഷിയെ പരിശോധിക്കുകയോ നോക്കുകയോപോലും ചെയ്യാതെ ഡോക്ടര്‍ അവിടെ കിടത്തി ചികില്‍സിക്കാനാവില്ലെന്നു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഷീബ പുറത്തുനിന്ന ഞങ്ങളോട് ഇക്കാര്യം അറിയിച്ചു.
അപ്പോഴാണ് മാസ്‌ക് ധരിച്ചുകൊണ്ടുതന്നെ ഞാന്‍ അകത്തേക്കു പ്രവേശിച്ചു. ഞാന്‍ ഡിവിഷന്‍ കൗണ്‍സിലറാണെന്നും ഡിവിഷിനിലെ രോഗിയാണെന്നും പറഞ്ഞു തുടങ്ങിയതേയുള്ളൂ. ‘നിങ്ങള്‍ ആരായാലും എനിക്കെന്താ? നിങ്ങളെ ആരാ ഇങ്ങോട്ടു കടത്തിവിട്ടത്? ഇറങ്ങിപ്പോയ്‌ക്കോ ഇവിടെനിന്ന്? ഇവിടെ ഒരാളുടേയും റെക്കമന്റേഷന്‍ വേണ്ട. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്’ എന്ന് ഉച്ചത്തില്‍
ആക്രോശിച്ചു.
ജനങ്ങളുടെ നികുതിപ്പണം വാങ്ങി സേവനം നല്‍കുന്ന ആശുപത്രിയിലാണ് രോഗിയെ പരിശോധിക്കുകപോലും ചെയ്യാതെ ജനപ്രതിനിധിയോട് ഇങ്ങനെ അപമര്യാദയായി ആക്രോശിച്ചത്.
അതിനു പിറകേ, ഡോക്ടര്‍ ഫോണെടുത്ത് ആരെയെല്ലാമോ വിളിച്ചു. ഒപിയില്‍ രോഗികളെ പരിശോധിക്കാന്‍ തയാറാകാതെ ആരോടെല്ലാമോ ഫോണില്‍ സംസാരിച്ചു. അതിനുശേഷം എന്നോട് ആക്രോശിച്ചത് ഇങ്ങനെയാണ്:
‘നിങ്ങള്‍ എന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നു ഞാന്‍ നിങ്ങള്‍ക്കെതിരേ പരാതി നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌ക് ധരിക്കാതെ ഓപിയില്‍ ആക്രമണത്തിനു ശ്രമിച്ചെന്നും പരാതി നല്‍കും. നിങ്ങളെ കൈയോടെ അറസ്റ്റു ചെയ്യിക്കാമെന്ന് ഞങ്ങടെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. ശരിയാക്കിത്തരാം.’ എന്നുകൂടി ആക്രോശിച്ചു.
അതിനിടയില്‍ രോഗിയെ പരിശോധിക്കുകപോലും ചെയ്യാതെ ഒരു കുത്തിവയ്പു നല്‍കാന്‍ ആ ഡോക്ടര്‍ ഉത്തരവിട്ടു.
‘ഇവിടെയൊന്നും രോഗികളെ കിടത്താന്‍ പറ്റില്ല. എവിടേയ്‌ക്കെങ്കിലും കൊണ്ടുപോയ്‌ക്കോ.’ എന്നുകൂടി അട്ടഹസിച്ചു.
അവിടെ ഒരു സിസി  ടിവി ക്യമാറയുണ്ടെങ്കില്‍ ഇതെല്ലാം കാണാന്‍ കഴിയും. എന്തോ വിഭ്രാന്തി സംഭവിച്ചതുപോലെയാണ് ഡോക്ടര്‍ ഇതെല്ലാം കാട്ടിക്കൂട്ടിയത്.
കുറച്ചു ദിവസം കിടത്തി ചികില്‍സിക്കണമെന്നു ഞാന്‍ സാവകാശം ഡോക്ടറോടു അഭ്യര്‍ഥിച്ചു. അവര്‍ അതിനു തയാറായില്ല. ഡോക്ടറുടെ പെരുമാറ്റത്തെക്കുറിച്ചു ആശുപത്രി സൂപ്രണ്ടിനോട് ഞാന്‍ പരാതി പറഞ്ഞു. അന്നത്തെ ദിവസം മാസ്‌ക് അടക്കമുള്ള സാധനങ്ങള്‍ ഇല്ലാത്തതിന്റെ വിഷമംകൊണ്ടു പറഞ്ഞതാകുമെന്നാണു സൂപ്രണ്ട് എന്നോടു പറഞ്ഞത്.
അങ്ങനെ രോഗിയേയും കൂട്ടി ഞങ്ങള്‍ പുറത്തുപോയി. സ്‌റ്റേഷനിലെ ഒരു പോലീസ് ഓഫീസര്‍ ഇതിനെല്ലാം സാക്ഷിയാണ്. രോഗിയായ ജോഷിയേയും കൂട്ടി ഷീബയും കുടുംബാംഗങ്ങളും വീട്ടിലേക്കു പോയി. രോഗിയായ ജോഷിയെ പിറ്റേന്ന് വീണ്ടും കാണാതാകുകയും ചെയ്തു.
ആ വിഷയം അവിടെ തീര്‍ന്നെന്നാണു ഞാന്‍ കരുതിയത്. പക്ഷേ, രാത്രിയായപ്പോള്‍ വെസ്റ്റ് പോലീസില്‍നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. മനോരോഗാശുപത്രിയിലെ ഡോക്ടര്‍ എനിക്കെതിരേ പരാതി തന്നിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. ഡോക്ടറുടെ ജോലി തടസപ്പെടത്തി, ഒപി അലങ്കോലമാക്കി, മാസ്‌ക് ധരിക്കാതെ വന്നു കോവിഡ് നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള പരാതി.
ഇതു മനസിലാക്കിയ ഞാന്‍ അപമര്യാദയായി പെരുമാറിയതിന് ഡോക്ടര്‍ക്കെതിരേ ഞാനും പരാതി നല്‍കി. രോഗിയ പരിശോധിക്കാത്തതിന് രോഗിയുടെ സഹോദരി ഷീബയും പരാതി നല്‍കി.
ഞാന്‍ ഒരു പൊതുപ്രവര്‍ത്തകയാണ്. പാവപ്പെട്ട ജനങ്ങള്‍ക്കു സഹായം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. മമനോരോഗമുള്ള ഇയാള്‍ അലഞ്ഞു നടന്ന് പലരേയും ആക്രമിച്ചെന്നു വരാം. ചിലയിടങ്ങളില്‍നിന്ന ചില സാധനങ്ങള്‍ എടുത്തു കൊണ്ടുപോയെന്നു വരാം. സമൂഹത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന പലതും ചെയ്‌തേക്കാം. അത് ഒഴിവാക്കാനാണ് ഏതാനും ദിവസം കിടത്തി ചികില്‍സ നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ രോഗിയെ പരിശോധിക്കുകപോലും ചെയ്യാതെ ഡോക്ടര്‍ കാണിച്ച വീഴ്ചയും അലംഭാവവും മറച്ചുവയ്ക്കാനാണ് രോഗിയുടെ കൂടെവന്ന ജനപ്രതിനിധിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തെ  ആദരപൂര്‍വം സല്യൂട്ട് ചെയ്യുന്നു. ഞാനൊരു ജനപ്രതിനിധി മാത്രമല്ല, ആരോഗ്യ പ്രവര്‍ത്തകയുമാണ്. ലാബ് ടെക്‌നീഷ്യനാണ്.
ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകയാണ്. ജനങ്ങളെ സഹായിച്ചതിന്റെ പേരില്‍ എന്നെ ജയിലിലടച്ചോളൂ. സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിക്കോളൂ. എന്റെ ജനസേവനം അഭംഗുരം തുടരും. രോഗിയെ പരിശോധിക്കാന്‍പോലും തയാറാകാതെ തൊഴിച്ചു പുറത്താക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നവരെ എന്തു ചെയ്യണമെന്നു ഞാന്‍ പറയുന്നില്ല. രോഗികളെ നിങ്ങള്‍ക്കു കൊന്നു തിന്നാനുള്ളതല്ലെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

ലാലി ജയിംസ്,
കോര്‍പറേഷന്‍ കൗണ്‍സിലര്‍,
കാര്യാട്ടുകര, തൃശൂര്‍.
9744027793

Advertisement