രോഗി മരിച്ചു: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ ബന്ധുക്കളുടെ അക്രമം; ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കെ.ജി.എം.സി.ടി.എ

63

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന രോഗി മരിച്ചതിനെ തുടർന്ന് കൂട്ടിരിപ്പിനുണ്ടായിരുന്ന മകൻറെ അതിക്രമം. മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിലാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള എടക്കഴിയൂർ സ്വദേശി പള്ളത്ത് വീട്ടിൽ അബൂബക്കർ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. പക്ഷാഘാതം, ഹൃദയാഘാതം, വൃക്ക രോഗം, വിളർച്ച, അപസ്മാരം, കാലിൽ പഴുപ്പ്, രക്തത്തിൽ കടുത്ത അണുബാധ മുതലായ ബാധിച്ചു ഗുരുതരവസ്ഥയിലായിരുന്ന രോഗി നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അവിടെ നിന്നും ഡോക്ടർമാരുടെ നിർദേശത്തിന് എതിരെ നിർബന്ധിത വിടുതൽ വാങ്ങി മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. തുടർന്ന് നൽകാവുന്ന ചികിത്സകളെല്ലാം നൽകിയിട്ടും രോഗിയെ രക്ഷിക്കാനായില്ല. രോഗം മൂർച്ഛിച്ച അവസ്ഥയിൽ പുലർച്ചെ രണ്ടോടെ മൂന്ന് ഡോക്ടർമാർ സി.പി.ആർ നൽകിയും മറ്റു ചികിത്സയും നൽകിയിരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു. രോഗി മരിച്ച വിവരം അറിയിച്ചതോടെ കൂടെയുണ്ടായിരുന്ന മകൻ ഫാസിൽ ജനലുകളും, വാതിലുകളും, ഫർണ്ണിച്ചറുകളും അടിച്ചു തകർക്കുകയും, ഡോക്ടർമാരെയും നേഴ്സ്മാരെയും വധിക്കാൻ ശ്രമിക്കുകയും ചെയ്‌തു. വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. എം.ആർ.ഐ സ്കാൻ കേന്ദ്രവും അടിച്ചു തകർത്തു. പിന്നീട് ബലപ്രയോഗത്തിലൂടെ നടപടിക്രമങ്ങൾ പാലിക്കാതെ മൃതദേഹം കൊണ്ടു പോകാൻ ശ്രമിച്ചത് പൊലീസെത്തിയാണ് തടഞ്ഞത്. ഡോക്ടർമാരുടെയും, മറ്റു ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസടപെടുത്തുകയും, പൊതുമുതൽ നശിപ്പിക്കുകയും, ചെയ്തതിലും കെ.ജി.എം.സി.ടി.എ ശക്തമായി അപലപിച്ചു. കുറ്റക്കാരെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് സംഘടന അറിയിച്ചു. ഡോക്ടർമാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും മനോധൈര്യം കെടുത്തുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കെ.ജി.എം.സി.ടി.എ ശക്തമായി ആവശ്യപ്പെട്ടു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ആശുപത്രിയില്‍ കൂടുതല്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിച്ച്, ആശുപത്രിയുടെgയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കെ.ജി.എം.സി.ടി.എ പ്രസിഡണ്ട് ഡോ.ഷംഷാദ് ബീഗവും സെക്രട്ടറി ഡോ.മനു ജോൺസ് ചൊവ്വല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.