റഗുലേറ്റർ ഷട്ടർ ഉയർത്താനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കും: മന്ത്രി എ.സി മൊയ്തീൻ

47

ജില്ലയിലെ ഇടിയൻചിറ, ഏനമാവ്, ഇല്ലിക്കൽ റഗുലേറ്ററുകളിലെ ഷട്ടറുകൾ ഉയർത്താനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. ബണ്ടുകളിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഏനാമാവിൽ ആധുനിക ചിറയുടെയും മറ്റും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലത്തിനു മുകളിൽ ആവശ്യമായ വിളക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഏനാമാവിൽ 15 ഷട്ടറുകൾ ഉള്ളതിൽ നാലെണ്ണത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കും. ബണ്ട് സമയബന്ധിതമായി പൊട്ടിച്ചാൽ വരുന്ന മണ്ണും നീക്കും. കഴിഞ്ഞ പ്രളയങ്ങളിൽ രൂപപ്പെട്ട മണൽത്തിട്ട വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നതിനാൽ അത് നീക്കാനുള്ള നിർദേശവും നൽകി.
കരുവന്നൂർ പുഴയിൽ ഇല്ലിക്കൽ റഗുലേറ്ററിന്റെ 15 ഷട്ടറുകളും ഉയർത്താനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ഏനാമാവ്, ഇടിയൻചിറ താൽക്കാലിക ബണ്ടുകൾ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും പൂർത്തീകരിക്കും. കാറളം ഹരിപുരം ബണ്ടും മന്ത്രി സന്ദർശിച്ചു.
മുരളി പെരുനെല്ലി എം എൽ എ, ജില്ലാ കളക്ടർ എസ് ഷാനവാസ്, മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, സെക്രട്ടറി ഉല്ലാസ് കുമാർ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി കെ പത്മിനി, സെക്രട്ടറി സി എസ് മിനി, കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, സെക്രട്ടറി ജുമുന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ്, അസി. ഡയറക്ടർ പ്രസാദ് പി.ടി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.