റവന്യൂ കലോത്സവത്തിന് നാളെ തൃശൂരിൽ തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രധാന വേദി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി റവന്യൂ മന്ത്രിയും എം.എൽ.എമാരും

46

സംസ്ഥാന റവന്യൂ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി റവന്യൂ മന്ത്രി കെ രാജന്‍. തെക്കേ ഗോപുര നടയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാനവേദിയിലെത്തിയാണ് മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തിയത്. മന്ത്രിക്കൊപ്പം റവന്യൂ കലോത്സവ സംഘാടക സമിതിയിലെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ കൂടിയായ എംഎല്‍എമാരായ എന്‍ കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുന്നെല്ലി, പി ബാലചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരും എത്തിയിരുന്നു. ജില്ലാതലങ്ങളില്‍ 5000 ത്തോളം പേരാണ് റവന്യൂ കലോത്സവത്തില്‍ പങ്കെടുത്തത്.
ഇതില്‍ വിജയിച്ചവരാണ് വിജയിച്ചവരാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച് 21 ഓളം പ്രമുഖര്‍ ഒരേ വേദിയില്‍ ദീപം തെളിയിച്ച് നടക്കുന്ന ചടങ്ങുകളോടെയാണ് സംസ്ഥാന റവന്യൂ കലോത്സവത്തിന് തുടക്കമാകുന്നത്. ഉദ്ഘാടന ചടങ്ങുകള്‍കളെക്കുറിച്ചും വര്‍ണാഭമായ ഘോഷയാത്രയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. 31 വ്യക്തിഗത ഇനങ്ങളും 8 ഗ്രൂപ്പ് ഇനങ്ങളുമായി 39 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന റവന്യൂ കലോത്സവത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും കലോത്സവത്തിന്റെ മനോഹരമായ നടത്തിപ്പിനായി എല്ലാവരുടെയും സഹകരണങ്ങള്‍ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Advertisement

ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് 3.30 ന് നടക്കുന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. സിഎംഎസ് സ്‌കൂളിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ വാദ്യ മേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുണ്ടാകും. താലൂക്ക്തലത്തില്‍ മത്സരമായി നടത്തുന്ന ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് സമ്മാനം നല്‍കും. തെക്കേ ഗോപുര നടയിലെ പ്രധാനവേദി, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

Advertisement