ലഹരിക്കെതിരെ യുവജന കമ്മീഷൻ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് ഡോ. ചിന്താ ജെറോം

19

യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ.ചിന്താ ജെറോം. സർവ്വകലാശാല, കോളേജ് യൂണിയനുകൾ, യുവജന ക്ലബ്ബുകൾ, സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാകും ക്യാമ്പയിൻ നടത്തുക. യുവജന കമ്മീഷന്റെ ജില്ലാതല അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം. ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കും.

Advertisement

സംസ്ഥാനത്ത് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ യുവജനങ്ങൾക്കായി തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. തൊഴിലിടങ്ങളിലെ ചൂഷണം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ അസംഘടിത മേഖലയിലെ യുവജന തൊഴിലാളികൾക്ക് വേണ്ട പിന്തുണ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പട്ടികവർഗ പിന്നോക്ക മേഖലകളിലും ട്രാൻസ്ജെൻഡേഴ്സ് വിഭാഗങ്ങളിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്നും ചിന്താ ജെറോം വ്യക്തമാക്കി.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ 35 കേസുകൾ പരിഗണിച്ചു. 26 എണ്ണം തീർപ്പാക്കി. 9 എണ്ണം അടുത്ത അദാലത്തിലേയ്ക്ക് മാറ്റിവെച്ചു. 10 പുതിയ പരാതികളാണ് ലഭിച്ചത്. കോവിഡ് കാലത്ത് സ്വാശ്രയ സ്ഥാപനങ്ങൾ ജോലിയിൽ നിന്ന് അനധികൃതമായി പിരിച്ചുവിട്ട കേസുകളാണ് അദാലത്തിൽ കൂടുതൽ വന്നത്. റിപ്പോർട്ടിന്റെയും മറ്റ് അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ പരാതിക്കാർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവ് പ്രഖ്യാപിച്ചു.

കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, റെനീഷ് മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് പി അഭിഷേക് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

Advertisement