ലോക ജലദിനത്തോടനുബന്ധിച്ച് കൊടകരയിൽ നടന്ന ജലഘോഷം

6
5 / 100

ലോക ജലദിനത്തോടനുബന്ധിച്ച് കൊടകരയിൽ നടന്ന ജലഘോഷം പരിപാടിയിൽ
വലിയ ക്യാൻവാസിൽ ഒരുക്കിയ സംഘ ചിത്രരചന കാണികൾക്ക് വേറിട്ട അനുഭവമായി.

അനൂപ് ജോർജ് ,നന്ദു എന്നിവർ ചേർന്ന് സംഘ ചിത്രരചന ഉദ്ഘാടനം ചെയ്തു. രണ്ടു പേരും ഒരുമിച്ച് നടത്തിയ ചിത്രരചന പൂർണ്ണമായപ്പോൾ ക്യാൻവാസിൽ പുഴ ദൃശ്യമായി.പൊതു ജനങ്ങൾക്കൊപ്പം ചിത്രകാരന്മാരും ,കുട്ടികളും, പ്രകൃതി സ്നേഹികളും ഭാവന പങ്കുവെച്ചു. ജലത്തിൻ്റെ വിവിധ ഭാവങ്ങൾ
നന്തിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് വിദ്യാർത്ഥികളും,
കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും ക്യാൻവാസിൽ വരച്ചിട്ടു.

രഞ്ജിത് മാധവൻ ഒരുക്കിയ ജലദൃശ്യങ്ങളുടെ ഫോട്ടോ പ്രദർശനവും കാഴ്ചക്കാർക്ക് നവാനുഭൂതി പകർന്നു. ഒഴുകുന്ന വെള്ളത്തിലെ നിഴലുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.

ചാലക്കുടി പുഴ, കുറുമാലി പുഴ, മുരിയാട് കായൽ, പൂമല ഡാം , അതിരപ്പിള്ളി, തുമ്പൂർമുഴി, കൂടപ്പുഴ ,കരിങ്ങോൾ ചിറ എന്നിവിടങ്ങളിൽനിന്ന് പകർത്തിയ ജല ഭാവങ്ങൾ പ്രകൃതി സ്നേഹികൾക്ക് വിസ്മയമായി .

ഒഴുകുന്ന വെള്ളത്തിൽ മരങ്ങളുടെയും പുല്ലുകളുടേയും ഇലകളുടേയും നിഴലുകൾ, ഒഴുകുന്ന എണ്ണ പാട ,കാറ്റും വെളിച്ചവും വെള്ളത്തിൽ തീർക്കുന്ന ചാരുത വലയങ്ങൾ എല്ലാമെല്ലാം രഞ്ജിത്ത് കാഴ്ചക്കാർക്ക് വിശദീകരിച്ചു കൊടുത്തു.

കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയും വനിതാവേദിയും സംയുക്തമായാണ് ലോക ജല ദിനത്തിൻ്റെ ഭാഗമായി ജലഘോഷം സംഘടിപ്പിച്ചത്.