വനം വന്യജീവി സംരക്ഷണം സമൂഹത്തിനു വേണ്ടിയാവണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍; 234 ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാര്‍ സേനയുടെ ഭാഗമായി

117

നാടിനെയും ജനങ്ങളെയും ഒരു പോലെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. വകുപ്പിന് ജനകീയ മുഖം നല്‍കാന്‍ ഓരോ ഉദ്യോഗസ്ഥനും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കണം

വനം, വന്യ ജീവി സംരക്ഷണത്തിന്റെയും അതിലൂടെയുള്ള പരിസ്ഥിതി സംരക്ഷണത്തിന്റെയുമെല്ലാം ആത്യന്തിക ഫലം അനുഭവിക്കേണ്ടത് നമ്മുടെ സമൂഹമാണെന്ന കാര്യം തിരിച്ചറിയണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കേരള പോലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനം വന്യജീവി വകുപ്പിലെ 234 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

ഓഫീസര്‍മാര്‍ തങ്ങളുടെ ഓരോ കര്‍ത്തവ്യം നിര്‍വഹിക്കുമ്പോഴും ഇക്കാര്യം ഓര്‍മവേണം. നാടിനെയും ജനങ്ങളെയും ഒരു പോലെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. വകുപ്പിന് ജനകീയ മുഖം നല്‍കാന്‍ ഓരോ ഉദ്യോഗസ്ഥനും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കണം. മികച്ച ഉദ്യോഗസ്ഥരായി മാറാനുതകുന്ന പരിശീലനമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. അത് ഔദ്യോഗിക ജീവിതത്തില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

90 ദിവസത്തെ പരിശീലന കാലയളവില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച കെ.വി വിവേക് (മികച്ച ഓള്‍ റൗണ്ടര്‍, മികച്ച ഷൂട്ടര്‍), ആതിര കൃഷ്ണന്‍ (ബെസ്റ്റ് ഇന്‍ഡോര്‍), മുഹമ്മദ് റഫീഖ് (ബെസ്റ്റ് ഔട്ട്‌ഡോര്‍) എന്നിവര്‍ക്ക് മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് ഡി ജയ്രസാദ് പുതുതായി ചുമതല ഏല്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മേയര്‍ എം.കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, പോലിസ് അക്കാദമി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ട്രെയിനിംഗ്) കെ സേതുരാമന്‍, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പുകഴേന്തി, മുതിര്‍ന്ന പോലിസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരള പോലിസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന് കമാന്റര്‍ എ എസ് നിധിന്‍, സെക്കന്റ് ഇന്‍ കമാന്റ് എം എസ് പ്രസുദ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവീണ്‍ വി കുമാര്‍, കെ വി വിവേക്, ആര്‍ ഗോവിന്ദ്, വി വിനീത, ആര്‍ രാഖി, പി എം അഷറഫ്, വി പി ബിജീഷ്, ജിബിന്‍ പീറ്റര്‍ ഡിസില്‍വ എന്നിവരാണ് വിവിധ പ്ലാറ്റൂണുകള്‍ക്ക് നേതൃത്വം നല്‍കിയത്. മലബാര്‍ സ്‌പെഷ്യല്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബ്രാസ് ബാന്‍ഡ് സംഘം പാസിംഗ് ഔട്ട് പരേഡിന് മിഴിവേകി.

62 പേര്‍ വനിതകള്‍ ഉള്‍പ്പെടെ 234 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. അരിപ്പയിലെയും വാളയാറിലെയും ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് വിവിധ ബാച്ചുകളിലായി പരിശീലനം നേടിയ ശേഷമാണ് ഇവര്‍ പോലിസ് അക്കാദമിയില്‍ പരിശീലനത്തിന് എത്തിയത്. അക്കാദമിയിലെ പരിശീലന കാലയളവില്‍ മോട്ടോര്‍ വാഹന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിക്രമം, ഇന്ത്യന്‍ തെളിവ് നിയമം ഉള്‍പ്പെടെയുള്ളവയിലും പരേഡ്, ശാരീരികക്ഷമത, നീന്തല്‍, യോഗ, കംപ്യൂട്ടര്‍, ഫയറിംഗ്, ആയുധങ്ങളുടെ ഉപയോഗം എന്നിവയിലും പരിശീലനം നേടി. ഇവരില്‍ 56 പേര്‍ ബിരുദാനന്തര ബിരുദമുള്ളവരാണ്. 21 ബിടെക്കുകാര്‍ ഉള്‍പ്പെടെ 123 പേര്‍ക്ക് ഡിഗ്രി യോഗ്യതയുണ്ട്.

പാസിംഗ് ഔട്ട് പരേഡിനു ശേഷം നടന്ന ചടങ്ങില്‍ ഓഫീസര്‍മാര്‍ക്കുള്ള സര്‍ട്ടിഫിറ്റകളും പരിശീലന കാലയളവില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പാരിതോഷികവും മന്ത്രി വിതരണം ചെയ്തു.

Advertisement