വരന്തരപ്പിള്ളിയിൽ കുന്നിടിച്ച് മണ്ണെടുപ്പ്: നാട്ടുകാർ സംഘടിച്ച് തടഞ്ഞു

11

വരന്തരപ്പിള്ളി കോരനൊടിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു. 50 സെൻ്റ് ഭൂമിയിൽ നിന്ന് കുന്നിടിച്ച് മണ്ണെടുക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.വീട് നിർമ്മാണത്തിൻ്റെ അനുമതിയിൽ പറമ്പിൽ നിന്ന് ഘട്ടംഘട്ടമായി വ്യാപകമായി മണ്ണെടുക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണ്ണെടുപ്പിനെ എതിർത്ത് പറമ്പിൽ കൊടികുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഹിറ്റാച്ചിയുമായി എത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്തിവെച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണെടുക്കുന്നത് മൂലം സമീപത്തെ വീടുകൾ തകർന്നു വീഴാൻ ഇടയുണ്ടെന്ന് പറഞ്ഞ് ചില വീട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ ജിയോളജി വകുപ്പിൻ്റെ അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നാണ് സ്ഥലമുടമയുടെ വാദം.