വരവൂർ വ്യവസായ പാർക്ക് തൊഴിൽ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

5

വരവൂർ വ്യവസായ പാർക്ക് തൊഴിൽ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമകാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പ്രാരംഭ ഘട്ടത്തിൽ 40 കോടി രൂപയുടെ നിക്ഷേപവും 600 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരവും നൽകുന്ന പദ്ധതി പഞ്ചായത്തിനെ ഏറെ മുന്നോട്ട് നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരവൂർ വ്യവസായ പാർക്ക് അലോട്ട്മെന്റ് ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സൃഷ്ടിക്കുന്നതിനൊപ്പം തനത് ഫണ്ട് നേടാനും അതുവഴി മുന്നേറാനുള്ള അവസരമാണ് വരവൂർ പഞ്ചായത്തിന് പദ്ധതി വഴി ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement

സംരംഭം തുടങ്ങാൻ ഒരിടം തേടി അലയുന്ന നിക്ഷേപകർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സ്ഥലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വരവൂരിൽ 8.5 ഏക്കർ സ്ഥലത്ത് വ്യവസായ പാർക്ക്‌ നിർമിച്ചത്. ജില്ലയിൽ വ്യവസായ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കൽ തുക 6.5 കോടി രൂപയാണ്. പാർക്കിൽ സംരംഭകർക്ക് സ്ഥലം നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. പ്രകൃതി സൗഹൃദ സംരംഭങ്ങൾക്കാണ് ഇവിടെ സ്ഥലം അനുവദിച്ചിട്ടുള്ളത്.

വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് കൃപകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, പരവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement