വികസനം പരിസ്ഥിതിക്ക് കോട്ടം വരുത്താതെ മാത്രമെന്ന് മുഖ്യമന്ത്രി: തൃശൂർ-കുറ്റിപ്പുറം റോഡ് പുനർനിർമ്മാണത്തിന് തുടക്കമായി; 24 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് കരാർ

20

പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത വികസനങ്ങളാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ – കുറ്റിപ്പുറം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലയെയും മലപ്പുറം ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാന പാതയാണ് (SH 69) തൃശൂര്‍ – കുറ്റിപ്പുറം റോഡ്. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഈ ദുരിത കാലത്തും അടിസ്ഥാന സൗകര്യത്തില്‍ മുന്‍പില്ലാത്ത കുതിച്ചു ചാട്ടമാണ് നടക്കുന്നത്. ജനങ്ങളുടെ ആ വിശ്വാസം കാത്തു സൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 195 പദ്ധതിയില്‍ 80 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടെ കെ.എസ്.ടി.പി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂര്‍ – കുറ്റിപ്പുറം റോഡിന്റെ പുനരുദ്ധാരണം നിര്‍വഹിക്കുന്നത്. 229.92 കോടി രൂപയാണ് റോഡിന്റെ പുനര്‍ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുംബൈ ആസ്ഥാനമായ M/S Ray (JV) എന്ന കമ്പനിയുമായി 24 മാസം പൂര്‍ത്തീകരണ കാലാവധിയോടെ കരാര്‍ ഉണ്ടാക്കി. 24.35 കിലോമീറ്റര്‍ ഫ്‌ലെക്‌സിബിള്‍ പേവ്‌മെന്റ് റോഡിന്റെയും 8.89 കിലോമീറ്റര്‍ റിജിഡ് പേവ്‌മെന്റ് (കോണ്‍ക്രീറ്റ്) റോഡിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 3 മൈനര്‍ പാലങ്ങള്‍, 21 കലുങ്കുകള്‍, 7 സൈഡ് ഡ്രെയിന്‍ ക്രോസിംഗ് കലുങ്കുകള്‍ എന്നിവയുടെ പുനര്‍ നിര്‍മ്മാണവും പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ജനവാസകേന്ദ്രങ്ങളിലും ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രെയിനേജ് ആന്റ് പ്രൊട്ടക്ഷന്‍ വര്‍ക്കുകളും ട്രാഫിക് സൈന്‍ മാര്‍ക്കിങും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഹൈവേ ലൈറ്റിങ്ങും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍, വടക്കാഞ്ചേരി, മണലൂര്‍, കുന്നംകുളം എന്നീ നിയോജകമണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളെ വടക്കന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ പുനരുദ്ധാരണം തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും ഉള്‍പ്പെടെ വലിയൊരു ജനവിഭാഗത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. എം എല്‍ എമാരായ എ സി മൊയ്ദീന്‍, സേവിയര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.