വികസനത്തിന് ബദല്‍ കാഴ്ചപ്പാടുകള്‍ അനിവാര്യം : മന്ത്രി സി. രവീന്ദ്രനാഥ്

7
4 / 100

ജില്ലയുടെ വികസനത്തിന് ബദല്‍ കാഴ്ചപ്പാടുകള്‍ അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെയും മുന്‍ ഭരണസമതി ആവിഷ്‌കരിച്ച വികസന നയങ്ങളെയും പുതിയ ഭരണസമതി തുടരേണ്ടതുണ്ട്. ഇവിടെ ജനിച്ചു വളര്‍ന്ന എല്ലാ മനുഷ്യരുടെയും ജീവിത നിലവാരം പടിപടിയായി ഉയര്‍ത്തുകയെന്നതാകണം വികസനം. സര്‍വ്വതല സ്പര്‍ശിയായ വികസനത്തിന് ബദല്‍ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. നിരന്തരം നിലനില്‍ക്കുന്ന സുസ്ഥിര വികസനത്തിനാകണം പ്രാധാന്യം കൊടുക്കേണ്ടത്. ഉദ്പാദന വര്‍ദ്ധനവ്, നീര്‍ത്തട സംരക്ഷണം, ജലസ്രോതസ്സുകളുടെ നവീകരണം, പൊതുമേഖലയുടെ വളര്‍ച്ച, പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വികാസം, സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ സമൂഹത്തിനുണ്ടായ മാറ്റം; അത്തരത്തില്‍ വികസന സാക്ഷാത്കാരത്തിന് സംസ്ഥാനത്തിനൊപ്പം ചേര്‍ന്ന് ജില്ലയും വിവിധ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷം നടപ്പിലാക്കുന്ന കരട് പദ്ധതി രേഖയും മന്ത്രി പ്രകാശനം ചെയ്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ വികസന സെമിനാറില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമ പദ്ധതി രേഖ തയ്യാറാക്കാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. വൈസ് പ്രസിഡന്റെ ഷീന പറയങ്ങാട്ടില്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. എസ് ജയ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെജി തിലകന്‍, ആസൂത്രണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സെമിനാറില്‍ പങ്കെടുത്തു.