വിഭജനഭീതിയുടെ ഓര്‍മ്മയല്ല, ദേശാഭിമാനത്തിന്റെ ആഘോഷമാണ് വേണ്ടതെന്ന് സി.പി.ഐ

7

ആഗസ്റ്റ് 14ന് വിഭജനഭീതിയുടെ ഓര്‍മ്മദിവസമായി ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വ്രണങ്ങള്‍ ഉണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കൂ എന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ദേശസ്‌നേഹികള്‍ ജീവന്‍ ഹോമിച്ചിട്ടുണ്ട്. അവരുടെ ത്യാഗത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഓര്‍മ്മയാണ് നാം ആചരിക്കുന്നത്. അല്ലാതെ, വിഭജനഭീതിയുടെ ഓര്‍മ്മയല്ല. 1947 ഓഗസ്റ്റ് 15ന് ഭാരതത്തിന്റെ പ്രഥമ സ്വാതന്ത്ര്യദിനത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യം ആഘോഷിച്ച പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. രാജ്യം സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ഭിന്നിപ്പിന്റെ പുതിയൊരു പ്രത്യയശാസ്ത്രവുമായി പ്രധാനമന്ത്രി രംഗത്തുവരുന്നത്. ഇത് വ്യക്തമായ വിദ്വേഷരാഷ്ട്രീയത്തിന്റെ ഭാഗമായി വരുന്നതാണ്. കപടദേശീയതയുടെ പേരില്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കാനും പകയുടെയും ഭിന്നതയുടെയും അന്തരീക്ഷം സൃഷ്ടിക്കാനും മാത്രമേ ഇത്തരം വികലമായ ആഹ്വാനങ്ങള്‍ സഹായിക്കുകയുള്ളൂ. തിരുവോണത്തിന് വാമനജയന്തി ആഘോഷിക്കാന്‍ മുമ്പൊരിക്കല്‍ ആഹ്വാനം ചെയ്തതുപോലെ തന്നെയാണ് ഇപ്പോഴത്തെ ഈ ആഹ്വാനവും. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കുന്നതിനും ദേശീയതയും ബഹുസ്വരതയും നിലനിര്‍ത്തുന്നതിനുമുള്ള കൂട്ടായ പോരാട്ടങ്ങളാണ് വേണ്ടതെന്നും കെ.കെ വത്സരാജ് പറഞ്ഞു.