സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകാനും അവ പരിഹരിക്കാനും വില്ലേജ് ഓഫീസിലെ ജീവനക്കാർ ശ്രമിക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സാധാരണക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ എത്ര പ്രയാസപ്പെട്ടതാണെങ്കിലും അത് പരിഹരിക്കാൻ സകല സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം. എങ്കിൽ മാത്രമേ വില്ലേജ് ഓഫീസുകൾ യഥാർത്ഥത്തിൽ സ്മാർട്ട് ആകൂ എന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച ചാവക്കാട് താലൂക്കിലെ വടക്കേക്കാട് – വൈലത്തൂർ ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വില്ലേജ് തലത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച് ജനങ്ങളുടെ പങ്കാളിത്തത്തോടെ വില്ലേജുകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്ലാൻ ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപയാണ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിന് വിനിയോഗിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. 1378 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ വെയിറ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, സ്റ്റാഫ് റൂം, റെക്കോർഡ് റൂം, മീറ്റിംഗ് റൂം, ഡൈനിങ് റൂം, അംഗപരിമിതർക്കും പൊതുജനങ്ങൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബാത്റൂം എന്നിങ്ങനെ വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വടക്കേക്കാട് -കച്ചേരിപ്പടി വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർമിതി കേന്ദ്രം റീജിയണൽ എൻജിനീയർ എം എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടി പറമ്പിൽ, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ഫസലുൽ അലി, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, പഞ്ചായത്തംഗം ശിജില, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.