വെളുത്ത പ്ലാവ് അടക്കം 56 ഇനം പ്ലാവുകള്‍; കുറുമാൽ കുന്നിലെ അപൂര്‍വ കാഴ്ച കണ്ട് അമ്പരന്ന് കൃഷിമന്ത്രി

95

തൃശൂർ ജില്ലയിലെ കുറുമാൽ കുന്നിൽ വെളുത്ത ഇലകളുള്ള പ്ലാവു കണ്ട് അദ്ഭുതത്തോടെ കൃഷിമന്ത്രി പി. പ്രസാദ്. ആദ്യമായാണ് വെളുത്ത ഇലയുള്ള പ്ലാവു കാണുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു.
ജൈവകര്‍ഷകനും ക്ഷോണിമിത്ര അവാര്‍ഡു ജേതാവുമായ വര്‍ഗീസ് തരകന്റെ കുറുമാല്‍കുന്നിലെ ആയുര്‍ജാക്ക് ഫാമിലെ വൈവിധ്യമേറിയ പ്ലാവിന്‍തൈകളാണ് കൃഷിമന്ത്രിയെ അതിശയിപ്പിച്ചത്. 56 ഇനം പ്ലാവുകള്‍ മന്ത്രിക്കു പുതുമയുള്ള വിശേഷമായി.
‘ഞാന്‍ ഇതുവരേയും കണ്ടിട്ടില്ലാത്ത നിരവധി ഇനം പ്ലാവുകള്‍ ആയുര്‍ ജാക്ക് ഫാമിലുണ്ട്.  വെളുത്ത ഇലകളുള്ള പ്ലാവുകള്‍ ആദ്യമായാണു കാണുന്നത്. ഏതു കാലത്തും വിളയുന്നതുമായ പ്ലാവുകള്‍ കൗതുകമുണര്‍ത്തുന്നതാണ്.’ മന്ത്രി പറഞ്ഞു.
മണ്ണിനെ നന്നായി പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുന്നില്‍ വീഴുന്ന ഒരു തുള്ളി വെള്ളംപോലും പാഴായിപോകാതെ ഭൂമിക്കടയിലേക്കു വിടുന്ന വിദ്യ മാതൃകയാണ്.
മഴവെള്ളം ഭൂമിക്കടിയിലേക്കു കടത്തിവിടുക, രാസവളം ഉപയോഗിക്കാതെ ജൈവവളം ഉപയോഗിക്കുക. വര്‍ഗീസ് തരകന്റെ ഈ ഉദ്യമം വളരെ ശ്‌ളാഘനീയമാണ്.
ഒട്ടുമേ വിഷമോ മായമോ ഇല്ലാത്ത വിശിഷ്ട പഴമാണു ചക്കപ്പഴം. ഹൃദയത്തെ സുരക്ഷിതമായി പൊതിഞ്ഞുവച്ചിരിക്കുന്നതുപോലെയാണ് ചക്കപ്പഴം.
ഇത്തരമൊരു പ്ലാവിന്‍ തോട്ടം പരിപാലിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന കൃഷിവകുപ്പിനു വേണ്ടി വര്‍ഗീസ് തരകനെ അഭിനന്ദിക്കുകയാണ്. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍, മെമ്പര്‍ ജലീല്‍ ആദൂര്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.പി. ശോഭ, കൃഷിവകുപ്പു ഡയറക്ടര്‍ ടി.വി. സുഭാഷ്, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷോബി, പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം എത്തിയിരുന്നു.

Advertisement
Advertisement