വെള്ളക്കരം മുൻകൂർ വാങ്ങിവെച്ചിട്ടും കുടിക്കാൻ വെള്ളം കിട്ടുന്നില്ല; ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പായ വിരിച്ച് പങ്കജവല്ലിയുടെ കുത്തിയിരിപ്പ് സമരം, ഇടപെട്ട് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെയും പ്രതിഷേധം

14

കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ വയോധികയുടെ കുത്തിയിരിപ്പ് സമരം. ചാവക്കാട് ഒരുമനയൂര്‍ അമ്പലത്താഴത്ത് പങ്കജവിലാസത്തില്‍ പങ്കജവല്ലിയാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട് വര്‍ഷത്തേക്ക് മുന്‍കൂറായി വെള്ളക്കരം അടച്ചിട്ടും എട്ട് ദിവസമായി വെള്ളം ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. വീട് നില്‍ക്കുന്ന പരിസരം കെണ്ടയ്ന്‍മെന്റ് സോണായതിനാല്‍ വെള്ളം ലഭിക്കാന്‍ മറ്റുമാര്‍ഗങ്ങളുമില്ല. വര്‍ഷങ്ങളായി രാവിലെയും വൈകീട്ടും പേരിന് മാത്രമായാണ് വെള്ളം ലഭിച്ചിരുന്നതത്രെ. ദിവസങ്ങളായി അതും നിലച്ചു. ഏറെ നാളായി ഓഫീസില്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാത്തതിനാലാണ് കുത്തിയിരിപ്പ് സമരത്തിെത്തിയതെന്ന് പങ്കജവല്ലി പറഞ്ഞു. വീട്ടില്‍ വെള്ളം ലഭിച്ചെന്ന് അയല്‍ക്കാര്‍ അറിയിച്ചാല്‍ മാത്രമേ സമരം അവസാനിക്കുകയുള്ളുവെന്ന് ഇവര്‍ കൂടി നിന്നവരോടും ഉദ്യോഗസ്ഥരോടും അറിയിച്ചു. വിഷയമറിഞ്ഞ പ്രദേശത്തുള്ളവരും വാട്ടർ അതോറിറ്റി ഓഫീസിലെത്തി വിഷയത്തിൽ വിശദീകരണമാരാഞ്ഞു. നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് കെ.പി.ഉദയനും കൗൺസിലർമാരും സ്ഥലത്തെത്തി. ഉടൻ തന്നെ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു.