വേലൂര്‍ ഗവ. ആർ എസ് ആർ വി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു: കായിക രംഗത്തെ സമഗ്ര വികസനം ലക്ഷ്യമെന്ന് മന്ത്രി ഇ.പി ജയരാജൻ

8
4 / 100

കായിക രംഗത്തെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കായിക വകുപ്പു മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
വേലൂര്‍ ഗവ. രാജാ സര്‍ രാമവര്‍മ ഹയര്‍ സെക്കൻ്ററി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ കായിക രംഗത്തുണ്ടായിരുന്ന നിലവാരമില്ലായ്മയെ സർക്കാരിന് മാറ്റാൻ സാധിച്ചു. മിക്കയിടത്തും മികച്ച കളിക്കളങ്ങൾ ഉണ്ടാക്കി. കായിക രംഗത്ത് വിപുലമായ പദ്ധതികൾ നടപ്പാക്കിയതോടൊപ്പം ചെറുപ്രായത്തിലുള്ള പ്രതിഭകൾക്ക് മികച്ച പരിശീലനം നൽകാനുമായി. സാധ്യതയുള്ള കായിക ഇനങ്ങളിൽ സർക്കാരിന് കൂടുതൽ ശ്രദ്ധിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കായിക രംഗത്തിന് മികവുകൂട്ടാൻ പ്ലേ ഫോർ ഹെൽത്ത് സ്കൂളുകളിൽ വ്യാപിപ്പിക്കുമെന്നും കൂടുതൽ കായിക അക്കാദമികൾ സ്ഥാപിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് അഡീഷണൽ ഡയറക്ടർ ബി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭൻ, ജലീൽ ആദൂർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ ആർ സാംബശിവൻ, വേലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമല ജോൺസൺ, സ്ഥിരം സമിതിങ്ങളായ സി എഫ് ജോയ്, സ്വപ്ന റഷീദ്, ഷേർളി ദിലീപ് കുമാർ, സ്കൂൾ പ്രിൻസിപ്പാൾ ജോൺ ജോഫി തുടങ്ങിയവർ പങ്കെടുത്തു.

കായിക വകുപ്പ് അനുവദിച്ച ഒരു കോടി രൂപ കൊണ്ടാണ് നിർമാണം നടത്തിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള ബാസ്‌ക്കറ്റ്ബോള്‍ – ബാഡ്മിന്റണ്‍ കോര്‍ട്ട്, മള്‍ട്ടി ലെവല്‍ സിന്തറ്റിക്ക് കോര്‍ട്ട് എന്നിവ മാത്രം 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ചു. ഗ്രൗണ്ടിൻ്റെ പ്രയോജനം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലെ കായിക താരങ്ങള്‍ക്കും ലഭ്യമാകും.