വേലൂര്‍ പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങുന്നു

3

വേലൂര്‍ പഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. എ സി മൊയ്തീന്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവിലുള്ള കെട്ടിടം പഴകിയ നിലയിലാണ്. ഇത് പൊളിച്ചാണ് 29794 ചതുരശ്രയടി വിസ്തൃതിയിലുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഒന്നാംഘട്ടത്തില്‍ സെല്ലാര്‍ ഫ്‌ലോറും ഗ്രൗണ്ട് ഫ്‌ലോറുമാണ് നിര്‍മ്മിക്കുന്നത്.

Advertisement

സെല്ലാര്‍ ഫ്‌ലോറില്‍ കൃഷിഭവന്‍ ഗോഡൗണ്‍, ശുചിമുറി, പാര്‍ക്കിംഗ് എന്നിവയും ഗ്രൗണ്ട് ഫ്‌ലോറില്‍ പഞ്ചായത്ത് ഓഫീസ്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കുള്ള റൂമുകളും ഫ്രണ്ട് ഓഫീസ്, ഫീഡിങ് റൂം എന്നിവയടങ്ങുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിന് പുറമെ കോണ്‍ഫറന്‍സ് ഹാള്‍, കമ്മ്യൂണിറ്റി ഹാള്‍, മെബര്‍മാരുടെ റൂം, റാംബ്, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം എ സി മൊയ്തീന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജോജി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സപ്ന റഷീദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി എഫ് ജോയി, ഷേര്‍ളി ദിലീപ്കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement