ശക്തമായ മഴ ഇല്ലിക്കൽ ബണ്ട് റോഡ് വീണ്ടും തകർന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

152

കരുവന്നൂർ ഇല്ലിക്കൽ റെഗുലേറ്റർ ബണ്ട് റോഡ് വീണ്ടും തകർന്നു. കഴിഞ്ഞ പ്രളയകാലത്ത് റെഗുലേറ്ററിന് സമീപം തകർന്ന ഭാഗത്ത് തന്നെയാണ് വീണ്ടും റോഡ് ഇടിഞ്ഞത്. അന്ന് റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഏറെ നാൾ നിർമ്മാണം ഒന്നും ഇറിഗേഷൻ വകുപ്പ് നടത്താതിരുന്നതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഒരുപാട് നടന്നിരുന്നു. പിന്നിട് എം.പിയും മന്ത്രിയും അടക്കമുള്ള ഉന്നതാധികാരികൾ ഇടപ്പെട്ടാണ് താൽക്കാലികമായി മുള വെച്ച് കെട്ടി മണൽ ചാക്കുകൾ ഇട്ട് ബണ്ട് റോഡ് ബലപെടുത്തിയത്. 6 മീറ്റർ ഉയരത്തിൽ 30 മീറ്റർ നീളത്തിൽ കരിങ്കല്ല് കെട്ടി സംരക്ഷിച്ചാൽ മാത്രമെ ബണ്ടിന് ശാശ്വതമായി ഉറപ്പുണ്ടാകു ഇതിനായി റിബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പ്ലാൻ തയറാക്കി നൽകുന്നതിനും അന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. മൂർക്കനാട് കാറളം പ്രധാന റോഡിൽ മഴക്കാലത്ത് വെള്ളം കയറുമ്പോൾ യാത്ര ചെയ്യാവുന്ന റോഡ് കൂടിയാണിത്. ബ്രിട്ടിഷ്ക്കാരുടെ കാലത്ത് നിർമ്മിച്ച റെഗുലേറ്ററിന് തൊട്ടടുത്ത് തന്നെയാണ് ബണ്ട് റോഡ് തകർന്ന് വീണത് എന്നത് റെഗുലേറ്ററിനും അപകട ഭീഷണിയാണ്. എത്രയും വേഗം പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തീരദേശത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.

Advertisement

Advertisement