ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല: ഐശ്വര്യ കേരളയാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു: യു. ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ചേലക്കര ബൈപ്പാസ് പദ്ധതി നടപ്പാക്കുമെന്നും ചെന്നിത്തല

19
8 / 100

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ മുന്‍നിലപാട് തെറ്റിപ്പോയെന്ന് ജനങ്ങളോട് മാപ്പുപറഞ്ഞ് പുതിയ സത്യവാങ്മൂലം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആവശ്യമാണ് ശബരിമല വിഷയം. എന്നാല്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനാണ് സി.പി.എം ആദ്യം ശ്രമിച്ചത്. നിവൃത്തിയില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ സി.പി.എം ചുവടുമാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ ചെയ്തതെല്ലാം തെറ്റായി പോയെന്നും ഞങ്ങള്‍ അത് തിരുത്തുമെന്നും ഞങ്ങള്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒരു പുതിയ സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ ശരിയാണ്. അങ്ങനെ ഒരു സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. നവോത്ഥാന നായകന്റെ വേഷം അദ്ദേഹം അഴിച്ചുവെച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ജനങ്ങളോട് പറയട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചു. രാവിലെ പഴയന്നൂരിൽ ഡി.സി.സി പ്രസിഡണ്ട് എം. പി വിൻസെൻറിൻറെയും യു.ഡി.എഫ് നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. പഴയന്നൂരിലും ചേലക്കരയിലും വടക്കാഞ്ചേരിയിലും സ്വീകരണം നൽകി.

രണ്ടരപതിറ്റാണ്ടായി എൽ. ഡി.എഫ് എം. എൽ. എയാണ് ചേലക്കരയെ പ്രതിനിധീകരിക്കുന്നത്.ചേലക്കര ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ബൈപ്പാസ് ഇപ്പോഴും വെറും വാഗ്ദാനമായി തുടരുന്നു.യു. ഡി. എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ചേലക്കര ബൈപ്പാസ് പദ്ധതി നടപ്പാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. പങ്ങാരപ്പള്ളി, പുലക്കോട്, ചേലക്കോട് എന്നീ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഒരു സമഗ്രമായ പദ്ധതി ആവിഷ്കരിക്കും.ചേലക്കര താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതു കൊണ്ട്, വേണ്ട പ്രയോജനം ലഭിക്കുന്നില്ല.ഇത്തരം ദൈനംദിന ജീവിത പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വർഗീയതയും, വിഭജനവും കൊണ്ട് രാഷ്ട്രീയ പ്രചരണം നടത്താൻ എൽ. ഡി. എഫ് ശ്രമിക്കുന്നത്. ആ ശ്രമത്തിൽ ചേലക്കരയിലെ ജനങ്ങൾ വീഴില്ലെന്നതിനു തെളിവാണ് ‘ഐശ്വര്യ കേരള യാത്ര’ക്ക് ലഭിച്ച വലിയ സ്വീകരണമെന്നും ചെന്നിത്തല സ്വീകരണത്തിന് മറുപടി നൽകി.