ശിശുസൗഹൃദ കേരളം: ശിൽപശാലയ്ക്ക് തുടക്കമായി

22

ശിശുസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായുള്ള മധ്യമേഖല ശിൽപശാലയ്ക്ക് തുടക്കമായി. ശിശുക്ഷേമ സമിതിയിൽ എത്തുന്ന കുട്ടികളുടെ സംരക്ഷണം, കുട്ടികൾക്കുള്ള സർക്കാർ പദ്ധതികൾ, ദത്തെടുക്കുന്നതിനുള്ള നിയമവഴികൾ എന്നിവയെക്കുറിച്ച് ശിശുക്ഷേമ സമിതി അംഗങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനായാണ് ശിൽപശാല.

Advertisement

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള ശില്പശാലയുടെ ഉദ്ഘാടനം ബാലവകാശ കമ്മീഷൻ എക്സിക്യൂട്ടിവ് അംഗം ബി ഭവിത ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുക, കുട്ടികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ബാലസാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസൗഹൃദ കേരളം പദ്ധതി നടപ്പിലാക്കുന്നത്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിലെ പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് അഴീക്കോടൻ ചന്ദ്രൻ അധ്യക്ഷനായി. കെ എഫ് ആർ ഐ രജിസ്ട്രാർ ഡോ. ടി വി സജീവ്, ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് ഗവേണിങ് ബോഡി അംഗം ടി കെ നാരായണദാസ്, ശിശുവികസന ഓഫീസർ ശ്രീവിദ്യ മാരാർ, അഡ്വക്കേറ്റ് രതീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് ഹാളിൽ നടന്ന ശിൽപശാലയിൽ ശിശുക്ഷേമ സമിതി അംഗങ്ങളായ മീര ദർശ, ഒ എം ബാലകൃഷ്ണൻ, എം കെ പശുപതി, കെ ബാഹുലേയൻ, യേശുദാസ് പറപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. മധ്യമേഖല ശിൽപശാല ബുധനാഴ്ച സമാപിക്കും.

Advertisement