ശോഭാ സിറ്റിക്കെതിരെ പരാതി നൽകി: വിദ്യാസംഗീതിനെ പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കി സി.പി.എം; കർഷകർക്കൊപ്പമാണോ, അതോ മുതലാളിക്കൊപ്പമാണോയെന്ന് വിദ്യയുടെ ചോദ്യം, മുട്ടുമടക്കാൻ മനസില്ലെന്ന് സി.പി.എമ്മിനെ വിമർശിച്ച് വിദ്യാസംഗീത്

387
5 / 100

പുഴക്കൽ പാടം നികത്തിയുള്ള ശോഭാ സിറ്റിക്കെതിരെ നിയമപോരാട്ടത്തിലൂടെ ശ്രദ്ദേയയായ അഡ്വ.വിദ്യാസംഗീതിനെ സി.പി.എം പാർട്ടി അംഗത്വത്തിൽ നിന്നും നീക്കി. വിദ്യാസംഗീത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്ത് അറിയിച്ചത്. നേരത്തെ യു.ഡി.എഫ് പക്ഷത്തായിരുന്ന സി.എം.പി പ്രതിനിധിയായി തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച് വിജയിച്ച വിദ്യാസംഗീത് ജില്ലാ പഞ്ചായത്തിലെ അഴിമതികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നണിക്ക് അതൃപ്തയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അഴീക്കോട് ജങ്കാറിൽ അഴിമതിയാണെന്ന് ആരോപിച്ച് വിജിലൻസിനെ സമീപിച്ചതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് യു.ഡി.എഫ് വിട്ട് സി.പി.എമ്മിലെത്തിയ വിദ്യാസംഗീത് കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സംഘടനയുടെയും ഭാരവാഹിയായിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകെൽ ഡയറക്ടറായും സി.പി.എം വിദ്യയെ നിയോഗിച്ചിരുന്നു. പുഴക്കൽ പാടം നികത്തുന്നതിനെതിരെ നേരത്തെ തുടങ്ങിയ വിദ്യയുടെ പോരാട്ടം ഹൈകോടതിയിൽ തുടരുകയാണ്. ഇതിനിടെ പാടം നികത്താൻ ശോഭാ സിറ്റി വ്യാജരേഖകൾ തയ്യാറാക്കിയതിന്റെ വിവരവകാശ രേഖകൾ ലഭിച്ചിരുന്നു. ഇത് പാർട്ടി അനുമതിയില്ലാതെ വാർത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തിയതോടെയാണ് പാർട്ടി നേതൃത്വം ഇടഞ്ഞത്. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയായിരുന്നു നടപടിയെന്ന് നേതൃത്വം വിശദീകരിക്കുന്നു. പാർട്ടി പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും ഇതേ തുടർന്ന് മാറി നിൽക്കുകയായിരുന്നു വിദ്യ. കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം പുതുക്കുന്ന യോഗത്തിലാണ് വിദ്യയുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അറിയിക്കേണ്ടതില്ലെന്നും നേതൃത്വം കീഴ്ഘടകത്തിന് നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് നേതൃത്വം തന്നെ ഫോണിൽ അറിയിച്ചതായി വിദ്യാസംഗീത് പറയുന്നു. പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച സമൂഹമാധ്യമത്തിലെ കുറിപ്പ് നേതൃ തലത്തിൽ ചർച്ചയായിട്ടുണ്ട്.

വിദ്യാസംഗീതിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം


“വർഗ്ഗാധിപത്യവും കൊളോണിയൽ ചിന്താ സരണികളും….” അപ്പോൾ നമ്മൾ എവിടെയാണ് പറഞ്ഞു നിർത്തിയത് ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, അഴിമതി വിരുദ്ധനിലപാട്, സ്ത്രീ സംരക്ഷണം ….അപ്പൊ ഇതൊന്നും എന്റെ കാര്യത്തിൽ വേണ്ടേ ?കോടീശ്വരനായ ശോഭ മേനോൻ വ്യാജരേഖ ചമച്ചാണ് ഈ കാണാവുന്ന പുഴക്കൽ പാടം നികത്തിയതെന്ന് രേഖകൾ സഹിതം പുറത്തുവിട്ടപ്പോൾ, സർക്കാർ പ്രസിദ്ധീകരിച്ച അന്തിമ ഡാറ്റ ബാങ്കിൽ ഈ സ്ഥലങ്ങൾ ഉൾപ്പെട്ടത് കൊണ്ട് ശോഭ സിറ്റി പൊളിച്ചു കളയാൻ ഉത്തരവ് നൽകാൻ ചീഫ് സെക്രട്ടറിക്ക് പരാതി കൊടുത്തപ്പോൾ നല്ലപോലെ വേദനിച്ചു അല്ലേ ? പാർട്ടി അംഗത്തെ അറിയിക്കാതെ മെംബർഷിപ് പുതുക്കാനുള്ള സ്ക്രൂട്ടിനി യോഗം രാത്രി വിളിച്ചു ചേർക്കുക ആ യോഗത്തിൽ അവർക്ക് മെംബർഷിപ് പുതുക്കി കൊടുക്കേണ്ടതില്ലെന്നു തീരുമാനിക്കുക പിറ്റേന്ന് രാവിലെ അത് ഫോൺ വിളിച്ചറിയിക്കുക ഗംഭീര ജനാധിപത്യം.
ഇതിൽ ഒരു അപ്പീലും ഞാൻ നല്കാൻ പോകുന്നില്ല മുൻപ് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് ‘മനസ്സില്ല മുട്ടുമടക്കാൻ’ അത് പി എൻ സി മേനോന്റെ മുൻപിൽ ആയാലും അയാൾക്ക്‌ വേണ്ടി പണിയെടുക്കുന്നവരുടെ മുന്പിലായാലും ജീവിക്കുന്നത് ജോലിചെയ്താണ്, പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്, നിലപാട് അഴിമതി വിരുദ്ധത ആണ് .
2014 ഇൽ ഒരു വധശ്രമം നടന്നതാണ് പ്രതിയുടെ ഫോട്ടോ സഹിതം പരാതി കൊടുത്തിട്ടും അന്ന് ഒരു പോലീസും FIR രജിസ്റ്റർ ചെയ്തില്ല ഇനി ആരിൽ നിന്നൊക്കെയാണ് ഞാൻ കൊട്ടേഷൻ പ്രതീക്ഷിക്കേണ്ടത് ? അഴിമതി വിരുദ്ധത എങ്ങനെയാണ് ഒരു രാഷ്ട്രീയപാർട്ടിക്ക് ഇത്രയും വെറുക്കപ്പെട്ട ഒന്നായി മാറുന്നത് ? രണ്ടു ദിവസം മുൻപ് വരെ ദിശ രവിയുടെ അവകാശങ്ങൾക്ക് വേണ്ടി ഘോര ഘോരം വാദിച്ച പാർട്ടി ജനറൽ സെക്രട്ടറി, അങ്ങയോടും കൂടിയാണ് ഇനി പറയൂ നിങ്ങൾ അന്നം നൽകുന്ന കര്ഷകർക്കൊപ്പമാണോ അതോ പണം എണ്ണി തരുന്ന മുതലാളിമാർക്കൊപ്പമാണോ ?