ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടർ നിയമനം: കേരള മുസ്ളീം ജമാഅത്ത് സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും മാർച്ച് നടത്തി

12

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനം ഓടിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചില്‍ ശ്രീറാമിനെ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സുന്നി സംഘടനകളുടെ പ്രതിഷേധമിരമ്പി.
രാവിലെ  പടിഞ്ഞാറേകോട്ടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍  കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കളും  പ്രവര്‍ത്തകരും അടങ്ങുന്ന രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരന്നു. അതിരാവിലെ മുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പടിഞ്ഞാറെ കോട്ടയില്‍ എത്തിക്കൊണ്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാര്‍ച്ചും ധര്‍ണയും മാറി. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് തൃശൂരിലും സമര പരിപാടി നടന്നത്.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ എം ബഷീറിനെ മദ്യപിച്ച് കാറോടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ  ഇടതു സഹയാത്രികര്‍ പോലും തള്ളിപ്പറഞ്ഞെന്നും കൊലയാളിയായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ  ആലപ്പുഴ ജില്ലാ കലക്ടറായി അവരോധിച്ച സര്‍ക്കാര്‍ നടപടി യാതൊരു തരത്തിലും നീതീകരിക്കാന്‍ കഴിയില്ലെന്നും ഫസല്‍ തങ്ങള്‍ പറഞ്ഞു.
നീതി ബോധമുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി ശ്രീറാമിനെ തള്ളിപ്പറഞ്ഞിട്ടും അദ്ദേഹത്തെ  കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി അത്യന്തം അപലപനീയമാണ്. സാധാരണ രീതിയിലുണ്ടായ വാഹനാപകടത്തിലല്ല  ബഷീര്‍ മരണപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച കാറിടിച്ചാണ്,  റോഡരികില്‍ ബൈക്കുമായി നില്‍ക്കുകയായിരുന്ന ബഷീര്‍ മരണപ്പെട്ടത്.  മദ്യപിച്ച് വാഹനം ഓടിക്കുക വഴി ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം ചെയ്തത് മോട്ടോര്‍ വാഹന നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഗതാഗത വകുപ്പ് കമ്മീഷണറായിരുന്നു  ആ സമയത്ത് ശ്രീറാം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാണ് മദ്യപിച്ച് മദോന്മത്തനായി കാറോടിച്ച് ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയതെന്നത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. അര്‍ധരാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് മറ്റൊരാളുടെ ഭാര്യയുമായി അമിത വേഗത്തില്‍ വാഹനം ഓടിച്ചാണ് അപകടം വരുത്തിയത്. ഈ കേസില്‍ വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതും ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരമുള്ളതുമായ  ഒരു തസ്തികയില്‍ കളങ്കിതനായ  വ്യക്തിയെ നിയമിച്ചതിലൂടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ഫസല്‍ തങ്ങള്‍ പറഞ്ഞു.
  ഗംഗാ നദിയില്‍ എത്ര തവണ പോയി കുളിച്ചാലും ശ്രീറാം ചെയ്ത പാപത്തിന്റെ കറ കഴുകിക്കളയാന്‍ കഴിയില്ല. കൊലപാതകം നടന്ന് മൂന്ന് വര്‍ഷമായിട്ടും ബഷീറിന്റെ കുടുംബത്തെ വിളിച്ച് ചെയ്ത തെറ്റിന് ക്ഷമാപണം നടത്താന്‍ പോലും ശ്രീറാം തയ്യാറായിട്ടില്ല. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയതിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ക്ക് സ്ഥലത്തുണ്ടായിരുന്ന പോലീസ് ശ്രീറാമിനെ സഹായിക്കുകയാണ് ചെയ്തതെന്നും ഫസല്‍ തങ്ങള്‍ കുറ്റപ്പെടുത്തി. ശ്രീറാമിനെ കലക്ടറായി നിയമിച്ച നടപടി എത്രയും വേഗം പിന്‍വലിക്കണം. കലക്ടര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ ചവിട്ടിപ്പുറത്താക്കുന്നത് വരെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങുമെന്നും ഫസല്‍ തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.  
 ചെയര്‍മാന്‍ താഴപ്ര മൊയ്തീന്‍കുട്ടി മുസ്ലിയാര്‍   അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷമീര്‍ എറിയാട് ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്  ശിഹാബ് സഖാഫി താന്ന്യം, എസ് എം എ ജില്ലാ സെക്രട്ടറി എം കെ അബ്ദുല്‍ഗഫൂര്‍, എസ് ജെ എം ജനറല്‍ സെക്രട്ടറി എസ് എം കെ തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സത്താര്‍ പഴുവില്‍, മിഥ്‌ലാജ് മതിലകം, ഷെരീഫ് പാലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
Advertisement