സംസ്ഥാന റവന്യൂ കായികോത്സവം തൃശൂരിൽ തുടങ്ങി: ബാഡ്മിന്റൺ കളിച്ച് പ്രോത്സാഹനവുമായി റവന്യൂ മന്ത്രി

5

സംസ്ഥാന റവന്യൂ കായികോത്സവത്തിന് ബാഡ്മിന്റൺ മത്സരത്തോടെ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. കായിക താരങ്ങൾക്ക് ആവേശം പകർന്ന് റവന്യൂമന്ത്രി കെ രാജൻ കായികോത്സവ വേദി സന്ദർശിച്ചു. ബാഡ്മിന്റൺ കളിച്ച് പ്രോത്സാഹനവുമായി റവന്യൂ മന്ത്രി ഉദ്യോഗസ്ഥർക്കൊപ്പം ചേർന്നപ്പോൾ എല്ലാവർക്കും ആവേശമായി.
പല സാഹചര്യ സമ്മർദ്ദങ്ങളിലൂടെയും കടന്നുപോകുന്ന റവന്യൂ വകുപ്പ് ജീവനക്കാരുടെ കലാ കായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് കരുത്ത് പകരലുമാണ് റവന്യൂ കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണ പ്രതിസന്ധികൾക്കിടയിൽ തകർന്നു പോകേണ്ടവരല്ല ഉദ്യോഗസ്ഥർ എന്ന്  തെളിയിക്കാൻ കഴിഞ്ഞകാല റവന്യൂ കലോത്സവ  അനുഭവങ്ങളിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

Advertisement

സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായിക മത്സരങ്ങളിൽ ക്രിക്കറ്റ് (നേതാജി ഗ്രൗണ്ട്, അരണാട്ടുകര), ഷട്ടിൽ ബാഡ്മിന്റൺ- പുരുഷ സിംഗിൾസ്, ഷട്ടിൽ ബാഡ്മിന്റൺ- വിമൺ സിംഗിൾസ്, ഷട്ടിൽ ബാഡ്മിന്റൺ- വുമൺ ഡബിൾസ്, ഷട്ടിൽ ബാഡ്മിന്റൺ- മിക്സഡ് ഡബിൾസ് (വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം),
ആം റസ്‌ലിംഗ് (അക്വാറ്റിക് കോംപ്ലക്സ് ) എന്നിവയാണ് നടക്കുന്നത്.

അത്‌ലറ്റിക്സ് മത്സരങ്ങൾ മെയ് 21ന് ഗവ.എൻജിനീയറിംഗ് കോളേജിലും 20, 21, 22 തീയതികളിലായി ഫുട്ബോൾ മത്സരങ്ങൾ കോർപ്പറേഷൻ മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളും ഹെഡ്ക്വാർട്ടേഴ്സിനെ പ്രതിനിധീകരിച്ച് ഒരു ടീമും ഉൾപ്പെടെ 15 ടീമുകളാണ്
സംസ്ഥാന കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ക്ക് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ മൗനപ്രാർത്ഥന നടത്തി. കായിക വകുപ്പ് ഡയറക്ടർ ഡോ.ജെറോമിക് ജോർജ്, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന പി ആനന്ദ്, ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, സ്പോർട്സ് ഓഫീസർ സൈമൺ എം വി, സ്പോർട്സ് സെക്രട്ടറി ദിദിക സി, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Advertisement