സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ സർക്കാർ പുറം തിരിഞ്ഞു നിൽക്കുന്നു: ബി.ജെ.പി; ശക്തമായ ചെറുത്ത് നിൽപ്പിന് ബി.ജെ.പി തയ്യാറാവുമെന്ന് കെ.സുരേന്ദ്രൻ

8
4 / 100

പിഎസ് സി റാങ്ക് ഹോൾഡർമാരുടെയും യുവജനസംഘടനകളുടെയും സമരങ്ങളെ അവഗണിക്കാനുളള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ ശക്തമായ ചെറുത്തുനിൽപ് ഉണ്ടാകും. നിയമം കൈയ്യിലെടുക്കുകയാണന്ന് പിന്നീട് പറയരുതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് റാങ്ക് ഹോൾഡർമാരുടെ സംഘടനകളുമായും യുവജന സംഘടനകളുമായും ചർച്ച നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
സമരക്കാരെ അവഹേളിക്കുന്ന മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും നിലപാട് അവസാനിപ്പിക്കണം. നിയമന നിരോധനവും പിൻവാതിൽ നിയമനവും നടത്തുന്ന മന്ത്രിമാരും പാർട്ടി നേതാക്കളുമാണ് അതിനെതിരേ സമരം ചെയ്യുന്നവരെ അവഹേളിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സർക്കാർ ഒരു തരത്തിലും ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. നടുറോഡിൽ ഉദ്യോഗാർത്ഥികൾ സമരം ചെയ്തിട്ടും അത് ഗൗനിക്കാൻ പോലും തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ന്യായമായ ആവശ്യത്തിന് വേണ്ടി യുവാക്കൾ നടത്തുന്ന സമരത്തോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്.
വിഷയത്തിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്ജ് ഉൾപ്പെടെയുളള നടപടികൾ ഉണ്ടായെന്നും പ്രശ്‌നം അവസാനിപ്പിക്കാനുളള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.