സാക്ഷരത മിഷൻ കൂടെ നിന്നു; സിമി ആ നേട്ടം സ്വന്തമാക്കി

11

ജീവിത പ്രാരബ്ധങ്ങൾക്കിടയിലും ജോലിത്തിരക്കിനിടയിലും പ്ലസ്ടു തുല്യത പരീക്ഷയിൽ വിജയം കരസ്ഥമാക്കി ഹരിത കർമ്മസേനയ്ക്ക് അഭിമാനമാവുകയാണ് സിമി സുനിൽകുമാർ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ 2022 ൽ നടത്തിയ ഹയർസെക്കന്ററി തുല്യത പരീക്ഷയിലാണ് സിമി മികച്ച വിജയം കരസ്ഥമാക്കിയത്. നാലുവർഷമായി ഗുരുവായൂർ നഗരസഭയിലെ ഹരിതകർമ്മ സേനയിൽ ജോലി ചെയ്തുവരികയാണ് സിമി.

Advertisement

ചാവക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഞായറാഴ്ച ക്ലാസിൽ 2021-22 ബാച്ചിൽ ചേർന്നാണ് തത്തുല്യ പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയത്. കൊമേഴ്സാണ് സിമി തെരഞ്ഞെടുത്ത വിഷയം. എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ക്ലാസിൽ ഹാജരായി. അതുകൊണ്ടുതന്നെ ഒന്നാംവർഷ പരീക്ഷയിലും മികച്ച വിജയം നേടാൻ കഴിഞ്ഞു. ജോലിത്തിരക്കിനിടയിലും പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സിമി മടികാണിച്ചില്ല.

ഗുരുവായൂർ കോട്ടപ്പടി ഇഎംഎസ് റോഡിൽ മത്രംകോട്ട് വീട്ടിൽ താമസിക്കുന്ന സിമി സുനിൽകുമാർ 2002ലാണ് പ്രൈവറ്റായി പ്ലസ്ടു പഠനം നടത്തിയത്. അന്ന് ഒരു വിഷയത്തിൽ മാത്രം വിജയം നേടാനായില്ല. പിന്നീട് വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോൾ പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ വീട്ടുകാരിൽ നിന്നുള്ള പ്രോത്സാഹനം കൊണ്ട് വീണ്ടും പഠനത്തിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു. ബികോം ഡിഗ്രി നേടിയെടുക്കണമെന്ന ആഗ്രഹമുണ്ടെന്നും ഹരിതകർമ്മ സേനാംഗങ്ങളിൽനിന്ന് അതിന് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും സിമി പറഞ്ഞു. ഭർത്താവ് സുനിലും രണ്ട് കുട്ടികളുമടങ്ങുന്നതാണ് സിമിയുടെ കുടുംബം.

Advertisement