സാന്ത്വന സ്പർശം: മന്ത്രിമാരുടെ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് കുന്നംകുളത്ത് പുരോഗമിക്കുന്നു: വികസനത്തുടർച്ച സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി. സി രവീന്ദ്രനാഥ്, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പരാതിക്കാരും ഉദ്യോഗസ്ഥരും

11
9 / 100

വികസനത്തുടർച്ചയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ കുന്നംകുളം, തലപ്പിള്ളി, ചാവക്കാട് താലൂക്കുകളിലെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അദാലത്തിലൂടെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും പരമാവധി പരാതികൾ പരിഹരിക്കാനും ശ്രമിക്കും. ജനങ്ങളുടെ ജീവൽസ്പർശത്തിനൊപ്പമാണ് സർക്കാർ. പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന ഒട്ടേറെ പരാതികൾ നിലവിലുണ്ട്. അത് പരിഹരിച്ച് ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്ന കർത്തവ്യം കൂടി അദാലത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിർത്താതെ ജനങ്ങൾക്കു മെച്ചപ്പെട്ട സേവനം നൽകുമെന്നും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്ക് സുതാര്യമായി പരിഹാരം കാണുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.


കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ മുഖ്യാതിഥിയായി.

എം എൽ എ മാരായ മുരളി പെരുനെല്ലി,
കെ വി അബ്ദുൽ ഖാദർ, അദാലത്തിൻ്റെ ജില്ലയിലെ ചുമതലയുള്ള സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി,
കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, ജില്ലാ കലക്ടർ എസ് ഷാനവാസ്, നടൻ വി കെ ശ്രീരാമൻ, വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡൻ്റുമാർ, മൂന്നു താലൂക്കുകളിലെ തഹസിൽദാർ തുടങ്ങിയവർ പങ്കെടുത്തു.

തലപ്പിള്ളി താലൂക്കിൽ 604, ചാവക്കാട് താലൂക്കിൽ 1182, കുന്നംകുളം താലൂക്കിൽ 961 എന്നിങ്ങനെയുള്ള ഓൺലൈൻ പരാതികളിലും നേരിട്ടു നൽകുന്ന പരാതികളിലുമാണ് മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, എ സി മൊയ്തീൻ എന്നിവർ പരാതികൾ കേട്ട് പരിഹാരം കാണുന്നത്.

അദാലത്തിലെ പരാതികള്‍ പരിശോധിക്കുന്നത് റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ്. ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായ പരാതികൾ ഇവരാണ് തരംതിരിക്കുന്നത്.

ബുധനാഴ്ച അദാലത്തില്ല. ഫെബ്രു. 4 ന് ഇരിങ്ങാലക്കുടയിൽ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിലെ അദാലത്തു നടക്കും. ഇതോടെ ജില്ലയിലെ 7 താലൂക്കുകളിലെ സാന്ത്വന സ്പർശം അദാലത്തിനു സമാപനമാവും.