സുനിൽകുമാറിനും കുടുംബത്തിനും ഏറിയാടിൽ വീടൊരുങ്ങും

5
4 / 100

താമസിക്കാൻ സ്വന്തമായി വീടില്ലാതെ വലയുന്ന സുനിൽകുമാറിനും കുടുംബത്തിനും കൊടുങ്ങല്ലൂർ ഏറിയാടിൽ വീടൊരുങ്ങും.
തലച്ചോറിന് വളർച്ചക്കുറവ് ബാധിച്ച (സെറിബ്രൽ പാൾസി) മകൾ സീതാലക്ഷ്മിയെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് സുനിൽകുമാറിന് ഒരു കൈത്താങ്ങാവുകയാണ് പരാതി പരിഹാര അദാലത്ത്. താലൂക്ക്തല പരാതി പരിഹാര അദാലത്തിൻ്റെ ഭാഗമായി അവസാന ദിനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ‘സാന്ത്വനസ്പർശം – 2021ൽ’ ആണ് മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ മുന്നിൽ സ്വന്തമായി വീട് വെച്ച് നൽകുന്നത് സംബന്ധിച്ച് സുനിൽകുമാറിൻ്റെ പരാതി എത്തുന്നത്.

കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശിയാണ് സുനിൽകുമാറും കുടുംബവും. തലച്ചോറിന് വളർച്ചക്കുറവ് (സെറിബ്രൽ പാൾസി) ബാധിച്ച 20 വയസ്സുള്ള മകൾ സീതാലക്ഷ്മിക്കും സ്കൂൾ വിദ്യാർത്ഥിയായ മകളും, ഭാര്യയും അടങ്ങിയതാണ് സുനിൽകുമാറിൻ്റെ കുടുംബം. സുനിൽകുമാറിന് പെയിൻ്റ് പണി ചെയ്യ്ത് ലഭിക്കുന്ന തുച്ചമായ വരുമാനത്തിലാണ് കുടുംബചിലവും ചികിത്സയും നടത്തുന്നത്. മകളെ നോക്കേണ്ടതുകൊണ്ട് ഭാര്യയ്ക്ക് മറ്റു ജോലിയ്ക്കൊന്നും പോകാൻ കഴിയുന്നില്ല. നിലവിൽ സുനിൽകുമാറിൻ്റെ സഹോദരൻ്റെ വീട്ടിലാണ് കുടുംബസമേതം താമസിക്കുന്നത്. സ്വന്തമായി വീടില്ലാത്തതിനാലും അസുഖബാധിതയും സ്ഥിരം കിടപ്പുരോഗിയുമായ മകൾ ഉള്ളതിനാലും ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിനാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. വീട് ലഭിക്കുന്നതോടെ സുനിൽകുമാറിനും കുടുംബത്തിനും സുരക്ഷിതമായി ജീവിക്കുന്നതിന് വഴിയൊരുക്കുകയാണ് സർക്കാർ.