സർക്കാർ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് : മന്ത്രി വി ശിവൻകുട്ടി

6

വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനസൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. നാട്ടിക നിയോജക മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുകയായിരുന്നു മന്ത്രി.

Advertisement

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നടത്താതിരുന്ന യുവജനോത്സവം, കായികമേള, സയൻസ് മേള എന്നിവ ഈ വർഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളിൽ സ്മാർട്ട്ഫോൺ ഉപയോഗം ഏർപ്പെടുത്തിയത്. എന്നാൽ കുട്ടികൾ തെറ്റായ രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്ന് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അതിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

2021-22 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ 13 വിദ്യാലയങ്ങളെ മന്ത്രി അനുമോദിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ 950 വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 10 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ സി സി മുകുന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാർ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement