കള്ളിച്ചിത്ര കോളനി നിവാസികള്‍ക്ക് ഇത് ചരിത്ര മുഹൂര്‍ത്തം. പുനരധിവാസത്തിന്റെ ഭാഗമായി വാഗ്ദാനം നല്‍കപ്പെട്ട ഭൂമിക്കു വേണ്ടി കോളനി നിവാസികള്‍ നടത്തിയ നാലു പതിറ്റാണ്ടോളം നീണ്ട സമരങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി.
ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്ത് നടാംപാടം കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്കാണ് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം കൂടി വിതരണം ചെയ്യപ്പെട്ടത്.
നടാംപാടം കള്ളിച്ചിത്ര സാംസ്‌കാരിക നിലയത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ന്റെ അധ്യക്ഷതയില്‍ ടന്ന വര്‍ണാഭമായ ചടങ്ങില്‍ ഊരുമൂപ്പന്‍ ഗോപാലനും സമരനേതാവ് പുഷ്പനും ഉള്‍പ്പെടെ 17 കുടുംബങ്ങള്‍ക്കുള്ള പട്ടിയം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വിതരണം ചെയ്തു. നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന കള്ളിച്ചിത്ര കോളനി നിവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂട്ടായ ഇടപെടലിലൂടെ പരിഹാരം കാണാന്‍ സാധിച്ചത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മാത്രം മുത്തങ്ങ സമരക്കാര്‍ക്ക് ഉള്‍പ്പെടെ ഇതിനകം 40,000 പേര്‍ക്ക് പട്ടയം നല്‍കാനായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ സാധിച്ചത് അഭിമാനകമരായ നേട്ടമാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്ന നിയമങ്ങളില്‍ ഉള്‍പ്പെടെ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്നവര്‍ എത്ര ഉന്നതരായാലും അവരില്‍ നിന്ന് അത് പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അതിന് അനുസൃതമായ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുതുണ്ട് ഭൂമി സ്വന്തമായി ഉണ്ടാവുകയെന്നത് ഓരോ വ്യക്തിയുടെയും സ്വപ്‌നമാണ്. കള്ളിച്ചിത്ര കോളനി നിവാസികളെ സംബന്ധിച്ചിടത്തോളം അവര്‍ പൊരുതി നേടിയ വിജയമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നാലു പതിറ്റാണ്ടു നീണ്ട തര്‍ക്കങ്ങള്‍ക്കു ശേഷം കള്ളിച്ചിത്ര കോളനി നിവാസികള്‍ക്ക് സ്വീകാര്യമായ ഭൂമി കണ്ടെത്തുകയും തര്‍ക്കങ്ങളും വിയോജിപ്പുകളും പരിഹരിച്ച് ഭൂവിതരണം സാധ്യമാക്കുകയും ചെയ്തതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാറിനെ മന്ത്രിമാരും ജനപ്രതിനിധികളും കോളനി നിവാസികളും അഭിനന്ദിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളും ആത്മാര്‍ഥമായ പരിശ്രമങ്ങളുമാണ് കോളനി നിവാസികളുടെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതെന്നും മന്ത്രിമാര്‍ പറഞ്ഞു. ചടങ്ങില്‍ കോളനി നിവാസികളുടെ പ്രത്യേക ഉപഹാരവും ജില്ലാ കലക്ടര്‍ക്ക് സമ്മാനിച്ചു.
ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റ് സ്ഥലം വീതം നേരത്തേ നല്‍കിയിരുന്നു. ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടിയാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. മുപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് വാങ്ങി നല്‍കിയ ഏഴര ഏക്കര്‍ സ്ഥലമാണ് 17 കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കിയിരിക്കുന്നത്.
ചടങ്ങില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിന്‍സ്, സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ കെ സദാശിവന്‍, ഹേമലത നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ബി ജലാല്‍, വിജിത ശിവദാസന്‍, ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി, ഡെപ്യൂട്ടി കലക്ടര്‍മാര്‍ യമുന ദേവി, ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി കെ ജയരാജ്, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എം ഷമീ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആഘോഷപൂര്‍വമായ ചടങ്ങിലായിരുന്നു പട്ടയ വിതരണം നടന്നത്. പരിപാടിക്കായി എത്തിയ മന്ത്രിമാരുടെയും ജനപ്രതിനിധികളെയും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും വാദ്യമേളങ്ങളോടെയാണ് കോളനി നിവാസികള്‍ വരവേറ്റത്. കോളനി നിവാസികളുടെ പ്രത്യേക ഗാനമേളയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.