
2023 ആകുമ്പോഴേയ്ക്കും സംസ്ഥാനത്തെ ഇ-ജില്ലയായി തൃശൂർ ജില്ലയെ മാറ്റാൻ റവന്യൂ വകുപ്പിന് കഴിയുമെന്ന്
റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സാധാരണക്കാരനെ ഭൂമിയുടെ അവകാശികളാക്കാനുള്ള ഇടപെടലുകളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കുന്നംകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പട്ടയവിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടയ വിതരണത്തിൽ സർക്കാർ അതിന്റെ സാക്ഷാൽക്കാരത്തിൽ എത്തി നിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യവുമായി ചാവക്കാട്, കുന്നംകുളം താലൂക്കുകളിൽ നിന്നായി 1072 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. ഇതിൽ 969 എണ്ണം ലാൻഡ് ട്രൈബ്യൂണൽ (എൽ ടി ) പട്ടയങ്ങളാണ്.
ചാവക്കാട് താലൂക്കിൽ മാത്രം 722 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 707 എൽ ടി പട്ടയങ്ങൾ, 12 സുനാമി പട്ടയങ്ങൾ , 2 ലക്ഷംവീട് പട്ടയങ്ങൾ ഒരു മിച്ചഭൂമിപട്ടയം എന്നിങ്ങനെ വിതരണം ചെയ്തു. കുന്നംകുളം താലൂക്കിൽ 350 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. 262 എൽ ടി പട്ടയങ്ങൾ, 71 മിച്ചഭൂമി പട്ടയം 17 പുറമ്പോക്ക് ഭൂമി പട്ടയങ്ങൾ എന്നിങ്ങനെ വിതരണം ചെയ്തു.
എ സി മൊയ്തീൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, കുന്നംകുളം തഹസിൽദാർ പി ഡി സുരേഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മണ്ണ് പുരയിൽ നിന്ന് മോചനം,
മുഹമ്മദലിക്ക് ഇനി സന്തോഷ നാളുകൾ
ചോർന്നൊലിക്കുന്ന മണ്ണ് പുരയിൽ നിന്ന് മോചനം ലഭിച്ച സന്തോഷത്തിലാണ് ചിറമനങ്ങാട് അമ്പലത്ത് വീട്ടിൽ മുഹമ്മദലി. നീണ്ട കാത്തിരിപ്പിനൊടുവിൽ മിച്ചഭൂമി പട്ടയമാണ് ഈ 73 കാരന് സ്വന്തമായത്. അസുഖ ബാധിതയായ ഭാര്യ സഫിയയുമൊത്ത് ഇടിഞ്ഞു വീഴാറായ വീട്ടിൽ സർക്കാരിൽനിന്ന് ലഭിക്കുന്ന ക്ഷേമ പെൻഷൻ കൊണ്ടാണ് ഇരുവരുടെയും ജീവിതം മുന്നോട്ട് പോകുന്നത്.
പെരുമ്പിലാവിനടുത്തുള്ള പള്ളിയിൽ ബാങ്കുവിളിയും പള്ളി വൃത്തിയാക്കലുമായാണ് ഉപജീവനം കഴിഞ്ഞിരുന്നത്. ഭാര്യയുടെ അസുഖത്തെ തുടർന്ന് അഞ്ച് കൊല്ലമായി തൊഴിലിനും പോകാനാകാത്ത അവസ്ഥയാണ്. തകർന്ന വീടിനുള്ളിൽ ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് ചിന്തിച്ചിരിക്കെയാണ് സർക്കാരിൽ നിന്നും പട്ടയം ലഭിക്കുന്നതെന്ന് മുഹമ്മദലി പറയുന്നു. 20 വർഷമായി പട്ടയത്തിന് വേണ്ടി കയറിയിറങ്ങാത്ത സ്ഥലമില്ല. രണ്ട് തവണ പട്ടയത്തിന് അപേക്ഷ കൊടുത്തെങ്കിലും നിരാശയായിരുന്നു ഫലമെന്നും മുഹമ്മദലി പറയുന്നു. ഇനി സർക്കാരിന്റെ സഹായത്തോടെ ചെറിയൊരു വീട് പണിയണമെന്ന ആഗ്രഹമാണ് ഇവർക്കുള്ളത്.