33 തിരിനാളങ്ങൾ തെളിഞ്ഞു: സംഗമേശപുരിയിൽ കൗമാര തിളക്കം; കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദിയെന്ന് മന്ത്രി കെ.രാജൻ; ഇരിങ്ങാലക്കുട മുന്നിൽ

11

സംഗമപുരിയിൽ കൗമാരകലയുടെ വസന്തോൽസവത്തിന് തിരിതെളിഞ്ഞു. ഇനി കലയുടെയും സാഹിത്യത്തിന്റെയും രാപ്പകലുകളാകും ഇരിങ്ങാലക്കുടയിൽ.

Advertisement

എണ്ണായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന തൃശ്ശൂർ റവന്യൂജില്ലാ സ്കൂൾ കലോൽസവത്തിനാണ് ഇരിങ്ങാലക്കുട വേദിയാവുന്നത്. ബഹു. റവന്യൂ മന്ത്രി കെ രാജൻ ഉദ്‌ഘാടനം നിർവ്വഹിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ അധ്യക്ഷയായി പങ്കെടുത്തു.

അമ്പതോളം അധ്യാപകർ ചേർന്ന് ആലപിച്ച സ്വാഗതഗാനവും ദൃശ്യാവിഷ്കാരവും കൊരമ്പ് മൃദംഗ കളരിയുടെ നേത്യത്വത്തിലുള്ള മൃദംഗമേളയും ചടങ്ങിന് മിഴിവേകി. ആടിയും പാടിയും എഴുതിയും വരച്ചും കുട്ടികള്‍ ആഘോഷമാക്കുന്ന സര്‍ഗ്ഗവസന്ത നാളുകളാണ് ഇനിയങ്ങോട്ട്.

കലോത്സവത്തിന്റെ ഫലമറിയാം

https://ulsavam.kite.kerala.gov.in/2022/kalolsavam_district/index.php/home/districtHome/Mk12cUVZdjFFcnhVSkx1MzY4dnRIdz09 എന്ന വെബ്സൈറ്റിൽ ലഭിക്കും.

33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി മൂന്ന് നാൾ കൗമാര കലാ- പ്രകടനങ്ങൾക്ക് വേദിയാകും.കോവിഡ് കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലാവിസ്മയത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

കുട്ടികളുടെ മനസിൽ സർഗാത്മകതയും യുക്തിചിന്തയും ഉണർത്തുന്ന വേദികളാണ് കലോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം പുതുതലമുറ വളരേണ്ടത്. കേരളത്തിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കെല്ലാം മലയാളിയെ മനുഷ്യനാക്കി മാറ്റിയതിൽ സുപ്രധാന പങ്കുണ്ട്. ആരോഗ്യ -വിദ്യാഭ്യാസ – ഭൂപരിഷ്കരണ മേഖലകളിൽ നേടിയ സമാനതകളില്ലാത്ത നേട്ടവും ഇതിന് വഴി തെളിയിച്ചു. യുക്തിചിന്തയിലും പുരോഗമനാശയത്തിലും ശാസ്ത്രാവബോധത്തിലും അധിഷ്ഠിതമാണ് കേരളീയ സമൂഹം. എന്നാൽ മനുഷ്യക്കുരുതിയും അനാചാരങ്ങളും അരങ്ങ് തകർക്കുന്ന കാലത്ത് സർഗോത്സവങ്ങളിലൂടെ മാത്രമേ യഥാർത്ഥ മനുഷ്യനെ നിലനിർത്താനാകൂ എന്നും മന്ത്രി പറഞ്ഞു. പുത്തൻ ഉണർവിന്റെ പാതയിലാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറി. പത്ത് ലക്ഷത്തോളം കുട്ടികളാണ് സർക്കാർ സ്കൂളുകളിലേക്ക് എത്തിച്ചേർന്നതെന്നും മന്ത്രി വ്യക്തമാക്കി. ലഹരിക്കും മയക്കുമരുന്നിനും അടിമയാകാത്ത തലമുറയെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നമ്മുടെ കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ആസൂത്രിതമായ നീക്കം സമൂഹത്തിൽ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

f002d96c 8d57 439c 98d2 19c7649a67f9

സമൂഹത്തിൽ ഉയർന്നുവരുന്ന ഹിംസാത്മക പ്രവർത്തികൾക്കെതിരെ ഉയർത്തി പിടിക്കാവുന്ന പരിചയാണ് കലയും സാഹിത്യവുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. എല്ലാതരം വിഭാഗീയതയ്ക്കെതിരെയും സർഗാത്മകതയിലുടെ പ്രതിരോധിക്കുക എന്നതാകണം നമ്മുടെ മുദ്രാവാക്യം. പരസ്പരം ആത്മബന്ധം വളർത്താനും ചിട്ടയോടെ ജീവിതം നയിക്കാനും കുട്ടികളെ ഉൾപ്പെടെ പ്രാപ്തമാക്കാൻ കലയ്ക്കുള്ള പ്രാധാന്യം വലുതാണ്. പുതുതലമുറയ്ക്ക് നേരിന്റെയും നൻമയുടെയും പാത പകരാനാകുക കലയിലൂടെയും സർഗാത്മകതയിലൂടെയുമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മുതൽ സംസ്ഥാന തലം വരെ പാകപിഴയില്ലാതെ ഭംഗിയായും ചിട്ടയോടെയും സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

316100701 530144795825636 1626746722658045478 n

റവന്യൂ ജില്ലാ സ്കൂൾ കലോത്സവ പോസ്റ്റർ തയ്യാറാക്കിയ ജോൺസൺ നമ്പഴിക്കാട്, ലോഗോ ഒരുക്കിയ ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 16 വേദികളിലായി 26 വരെയാണ് മേള. 12 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അരങ്ങിലെത്തും. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ടി എൻ പ്രതാപൻ എം പി, ജില്ലാ കലക്ടർ ഹരിത വി കുമാർ, നഗരസഭ അധ്യക്ഷ സോണിയ ഗിരി,
നഗരസഭ ഉപാധ്യക്ഷൻ ടി വി ചാർളി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, കലയുടെ വേറിട്ട തലങ്ങളിൽ നവലോകം തീർത്ത കലാകാരൻമാരായ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, നടൻ ജയരാജ് വാര്യർ, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി, കൂടിയാട്ട കുലപതി വേണുജി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.

അരങ്ങുണർത്തി ജനപ്രിയ ഇനങ്ങൾ : ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ

33-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ദിനം ജനപ്രിയ ഇനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. നാടകം, ഓട്ടൻ തുള്ളൽ, ഭരതനാട്യം, തിരുവാതിര കളി, ദഫ്മുട്ട്, ഒപ്പന തുടങ്ങിയ ഇനങ്ങൾ അവതരണ മേൻമ കൊണ്ട് ശ്രദ്ധേയമായി. ആദ്യ ദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരിങ്ങാലക്കുട ഉപജില്ല 337 പോയിന്റോടെ മുന്നിലാണ്, രണ്ടാം സ്ഥാനത്ത് 330 പോയിന്റിൽ കുന്നംകുളവും തൃശൂർ വെസ്റ്റിന് 325, മാള 316, തൃശൂർ ഈസ്റ്റ് 315 എന്നിങ്ങനെയാണ് പോയിന്റ് നില.

ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ. 16 വേദികളിലായി 26 വരെയാണ് മേള. 12 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ അരങ്ങിലെത്തുന്നത്. *കലോത്സവത്തിന്റെ ഫലം
https://ulsavam.kite.kerala.gov.in/2022/kalolsavam_district/index.php/home/districtHome/Mk12cUVZdjFFcnhVSkx1MzY4dnRIdz09 എന്ന വെബ്സൈറ്റിൽ ലഭിക്കും.

അരങ്ങുണർത്തി സ്വാഗതഗാനവും മൃദംഗമേളയും

679abd2e 5368 4632 b9dc 85f958ac93e4

സാംസ്കാരിക കലകളുടെ സംഗമ ഭൂമിയായ ഇരിങ്ങാലക്കുടയിൽ കലാമാമാങ്കത്തിന് അരങ്ങുണർത്തി വിദ്യാർത്ഥികളുടെ മൃദംഗമേളയും അധ്യാപകരുടെ സ്വാഗതഗാനവും. സംഗീത, ഭാഷ അധ്യാപകരും അനധ്യാപകരുമടക്കം അമ്പതോളം പേരുടെ നേതൃത്വത്തിൽ അണിനിരന്ന സ്വാഗതഗാനം 33-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവ് പ്രൗഢമാക്കി. “കല തൻ ഉത്സവമായ്, ബാല്യ കൗമാരത്തിൻ ഉത്സവമായ് ‘ എന്ന് ആരംഭിക്കുന്ന വരികൾ കല്ലേറ്റുംകര ബിവിഎം സ്കൂളിലെ അധ്യാപിക റീന റാഫേലാണ് രചിച്ചിരിക്കുന്നത്. എട്ടര മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ സംഗീത അധ്യാപകൻ രഘു പുത്തില്ലം സംഗീതം പകർന്നപ്പോൾ എറണാകുളം സ്വദേശിയായ അനിൽ ആണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ഗാനത്തിനൊപ്പം വേദിയിൽ നിറഞ്ഞ മോഹിനിയാട്ടം, കേരളനടനം, തിരുവാതിരക്കളി, ഭരതനാട്യം അവതരണങ്ങളും കലോത്സവത്തിന് മാറ്റേകി. ഡിഇഒ എസ് ഷാജി, പേഴ്സണൽ അസിസ്റ്റന്റ് ജസ്റ്റിൻ തോമസ്, പാലിശ്ശേരി എസ്എൻഡിപി സ്കൂളിലെ അധ്യാപിക വി അജിത എന്നിവരാണ് സ്വാഗത ഗാനത്തിന് നേതൃത്വം നൽകിയത്. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ 40 വിദ്യാർത്ഥികളുടെ മൃദംഗ മേളവും കലാപൂരത്തിന് മിഴിവേകി. വിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാല് വയസ് മുതൽ 15 വയസ് വരെയുള്ളവരാണ് മൃദംഗ മേളം തീർത്തത്.

അച്ഛനാണ് ഗുരു

9a8a04c5 9e4d 45fa b34a 45fcfad67193

മകളുടെ കലാ സ്വപ്നങ്ങൾക്ക് ചായം പകർന്നും ഗുരുവായും അച്ഛൻ. ജില്ലാ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കുന്ന ലക്ഷ്മി സുരേഷിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നതും മുഖത്തെഴുതി അണിയിച്ചൊരുക്കി വേദിയിൽ എത്തിക്കുന്നതും അച്ഛനായ സുരേഷ് കാളിയത്ത് ആണ്. ഗുരുവിന്റെ ശ്രദ്ധയും അച്ഛന്റെ വാത്സല്യവും ചേർത്ത് ലക്ഷ്മിക്ക് മുഖത്ത് ചായങ്ങൾ ചാർത്തുന്ന സുരേഷ് അണിയറയിലെ വേറിട്ട കാഴ്ചയായി.

a515a4aa 8963 40c1 ab82 21a9f05bdb71

25 വർഷത്തോളമായി കലാരംഗത്ത് സജീവമായ സുരേഷ് കഴിഞ്ഞ ഏഴ് വർഷമായി കലാമണ്ഡലത്തിൽ അധ്യാപകനാണ്. ചേലക്കര എസ്എംടി ജിഎച്ച്എസ്എസിൽ പ്ലസ് വൺ ബയോ സയൻസ് വിദ്യാർഥിനിയാണ് ലക്ഷ്മി. അഞ്ചാം ക്ലാസ്സ്‌ മുതൽ ഈ മിടുക്കി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കോറോണയ്ക്ക് മുൻപ് നടന്ന കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ ഒന്നാമത് എത്തിയിരുന്നു ഈ മിടുക്കി.

3ab5ee6e 2111 4e9f bd09 19b164af709d

മൂന്ന് വർഷമായി കേന്ദ്ര ഗവണ്മെന്റിന്റെ സിസിആർടി സ്കോളർഷിപ്പും കലാപഠനത്തിന് ഊർജ്ജമെന്നോണം ലക്ഷ്മിക്ക് ലഭിക്കുന്നുണ്ട്. എളനാട് സെന്റ് ജോൺസ് എച്ച്എസിൽ ഹിന്ദി അധ്യാപികയായ ദീപ സുരേഷ് ആണ് അമ്മ. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്ത ഇനങ്ങൾ ദീപയ്ക്കും വഴങ്ങും. മൂന്നാം ക്ലാസ്സുകാരനായ ലക്ഷ്മണൻ സുരേഷ് സഹോദരനാണ്.

താരത്തിളക്കത്തിൽ മധുര പലഹാരങ്ങൾ

f001c63b 5922 44ce b17f 437cf442881b

മംഗലശ്ശേരി നീലകണ്ഠൻ മസാല അട മുതൽ താരാദാസ് പഫ്‌സ് വരെ. ഇരിങ്ങാലക്കുടയിൽ പുരോഗമിക്കുന്ന റവന്യൂ സ്കൂൾ കലോത്സവത്തിലെ മധുര പലഹാരങ്ങൾക്ക് പോലും താരത്തിളക്കം. കലോത്സവത്തിലെ പ്രധാന വേദികളിൽ ഒന്നായ ഇരിങ്ങാലക്കുട ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസ് വളണ്ടിയർമാർ നടത്തുന്ന “ഒരു കുളിര്” എന്ന സ്നാക്സ് സ്റ്റാളിലാണ് താര പൊലിമയോടെ മധുര പലഹാരങ്ങൾ അണിനിരന്നത്. കീരിക്കാടൻ ജോസ് സവാളവട, ചിത്രഗുപ്തൻ പരിപ്പുവട, ഹിറ്റ്ലർ മാധവൻകുട്ടി കപ്പലണ്ടി മിട്ടായി തുടങ്ങി കൗതുകമൂറുന്ന പേരുകളോടെയാണ് മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നത്. ഹിറ്റ് സിനിമ കഥാപാത്രങ്ങളുടെ പേരുകൾ നിറഞ്ഞതോടെ കലോത്സവം കാണാനെത്തിയവർക്കും കൗതുകമായി.
ഭാസിയായ കുടിവെള്ളവും പാവം ക്രൂരനായ ചുക്ക് കാപ്പിയും, തൊരപ്പൻ ഉഴുന്നുവടയും ഗുണശേഖരനായ ഉണ്ണിയപ്പവുമെല്ലാം പട്ടികയിലെ ഒന്നാം നമ്പറുകാരാണ്.
പൊരിവെയിലിൽ പരവേശമകറ്റാനും വിശപ്പടക്കാനും പെൺകുരുന്നുകൾ നടത്തുന്ന സ്നാക്ക്സ് സ്റ്റാളിനെ തേടിയെത്തുന്നവർ ഏറെയാണ്. സ്റ്റാളിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്കൂളിലെ എൻഎസ്എസ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് കുട്ടികൾ ഉദ്ദേശിക്കുന്നത്.

അയ്യപ്പദാസിന്റെ രുചിക്കൂട്ടിൽ കലോത്സവ സദ്യ

278ca964 d92c 4f5e 9dbc 13383dbd8c73

തൃശൂർ ജില്ലാ റവന്യു കലോത്സവത്തിൽ മത്സരാർത്ഥികളുടെ വയറും മനസും നിറച്ച് പാചക വിദഗ്ധനായ അയ്യപ്പദാസിന്റെ രുചിക്കൂട്ടുകൾ. ആറ് കൂട്ടം കറികളും പായസവും രസവും അടങ്ങുന്ന ഗംഭീര സദ്യയാണ് വാഴയിലയിൽ വിളമ്പിയത്. കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ 6000ത്തോളം പേർക്കുള്ള ഭക്ഷണമാണ് അയ്യപ്പദാസ് ഒരുക്കിയത്.

85cdd004 afb5 4ac5 835e d18cc83f8b56

സദ്യയ്ക്ക് പുറമെ 300ലധികം പേർക്ക് പ്രഭാത ഭക്ഷണവും ചായയും സ്നാക്സുമെല്ലാം കലവറയിൽ തയ്യാറാക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ തരം പായസമായിരിക്കും ഒരുക്കുക. അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേർ വരുന്ന സംഘമാണ് കലവറയിലെ കാര്യക്കാർ. വിളമ്പാനും മറ്റ് സഹായങ്ങൾക്കുമായി വളണ്ടിയർമാരും ഉണ്ട്.

20 വർഷത്തോളമായി പാചകരംഗത്ത് പ്രവർത്തിക്കുന്ന അയ്യപ്പദാസ് കൊടകര സ്വദേശിയാണ്. നേരത്തെ ഗുരുവായൂർ, ചാലക്കുടി എന്നിവിടങ്ങളിൽ നടന്ന ജില്ലാ കലോത്സവങ്ങളിൽ അയ്യപ്പദാസിന്റെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള കലോത്സവം മത്സരാർത്ഥികളും രക്ഷകർത്താക്കളും കലാപ്രേമികളും ഒരുപോലെ ആഘോഷമാക്കുകയാണെന്ന് അയ്യപ്പദാസ് പറയുന്നു.

അരങ്ങുണർത്തി കുരുന്നുകൾ: നവ്യാനുഭവമായി ‘ഉറവകൾ ഉണ്ടായിരുന്നു’

7176ae0e 8e9a 4e55 a44a 87a70b3da535

കുന്നിടിച്ച് പായുന്ന ജെസിബി, കോടാലിക്ക് ഇരയാകുന്ന മരങ്ങൾ, ചത്ത് വീഴുന്ന പക്ഷികൾ, നിരത്തിൽ ചീറിപ്പായുന്ന മണൽ ലോറികൾ …… കണ്ണിനും കാതിനും നവ്യാനുഭവമൊരുക്കി കുരുന്നുകൾ. ആശയം വാചകങ്ങളിൽ ചുരുക്കാതെ ദൃശ്യ ശബ്ദ വിന്യാസത്തിലൂടെ വേദിയിലെത്തിയ ‘ഉറവകൾ ഉണ്ടായിരുന്നു’ നാടകമാണ് രംഗാവിഷ്ക്കാരം കൊണ്ട് ശ്രദ്ധ നേടിയത്.
റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ അരങ്ങേറിയ യു പി വിഭാഗം നാടക മത്സരത്തിൽ ഗവ.യു പി സ്കൂൾ വരടിയം അവതരിപ്പിച്ച ‘ഉറവകൾ ഉണ്ടായിരുന്നു’ നാടകമാണ് മികച്ച നിലവാരം പുലർത്തിയത്. അവതരണത്തിലെ വ്യത്യസ്തതയാലും മികവ് കൊണ്ടും മത്സരത്തിൽ നാടകം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

7176ae0e 8e9a 4e55 a44a 87a70b3da535 1

കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ തുടങ്ങി സമൂഹത്തിന്റെ സ്വാർത്ഥ താല്പര്യങ്ങൾ വരെ നാടകത്തിലൂടെ കുട്ടികൾ തുറന്നു കാണിച്ചു. രൂക്ഷമായ കുടിവെള്ള, മാലിന്യ പ്രശ്നങ്ങൾ ഉൾപ്പെടെ സമകാലിക സംഭവങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു ‘ഉറവകൾ ഉണ്ടായിരുന്നു’. ഒ എൻ വിയുടെ ഭൂമിക്കൊരു ചരമഗീതം, സുഗതകുമാരിയുടെ ‘ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി..’ തുടങ്ങി കവിതാശകലങ്ങളും നാടകത്തിന്റെ ഭാഗമായി. വല്ലച്ചിറ നാടകദ്വീപിന്റെ ഭാഗമായ സുമേഷ് മണിതറയാണ് നാടകത്തിന്റെ രംഗാവിഷ്കാരം നടത്തിയത്. ജി യു പി എസ് അധ്യാപിക സിന്ധു സെൽവരാജിന്റെ നേതൃത്വത്തിൽ 7പെൺകുട്ടികൾ സ്റ്റേജിലും 3 പേർ സൗണ്ട് നിയന്ത്രണം നടത്തിയും നാടകത്തിന്റെ സമ്പൂർണ കൈയ്യടക്കം കുരുന്നു കൈകളിലായിരുന്നു. നാടക ക്യാമ്പിന്റെ ഭാഗമായി രൂപപ്പെട്ട പ്രമേയം ആയിരുന്നു ഈ നാടകമെന്ന് സുമേഷ് പറഞ്ഞു.

അപ്പീലുമായെത്തി ഒപ്പനയിൽ ഒന്നാമതായി കുന്നംകുളം ബഥനി

32514713 0a82 4c8c 86fb 4d294d23be1b

ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിധ്യമാണ് ബഥനി ഓപ്പന ടീം. കഠിന പരിശ്രമത്തിലൂടെയാണ് ഇത്തവണ ടീം വിജയം നേടിയത്. അപ്പീൽ കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നെന്നും സന്തോഷം ഇരട്ടിയാണെന്നും ടീം അംഗങ്ങൾ പറഞ്ഞു. അനഘ സുനിൽ,പ്രിഷ, ഫിദ, ഹിബ ഫാത്തിമ, അനഘ, ഡയാന, അനയ, കൃഷ്ണ, അലിൻ, തേജസ്‌ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.

കലോത്സവനഗരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും

23f98b2e 539c 4363 9cde 32245dab1b94

റവന്യൂ ജില്ല കലോത്സവ നഗരിയിൽ എക്സൈസ് വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രചാരണം ശ്രദ്ധേയമായി. പ്രചാരണത്തിന്റെ ഭാഗമായി പ്രധാന വേദികളിലൊന്നായ ഇരിങ്ങാലക്കുട മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്വിസ് സംഘടിപ്പിച്ചു. പ്രധാനയിടങ്ങളിൽ വിമുക്തി ഹെൽപ്പ്ലൈൻ നമ്പറുകളും പതിച്ചിട്ടുണ്ട്. വിമുക്തി നമ്പറുകൾ കൂടുതൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. ടി. എൻ പ്രതാപൻ എംപി ഉൾപ്പെടെ നിരവധി പേർ സ്റ്റാൾ സന്ദർശിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എ.ഇ.ഒ എ മൊയ്‌തീൻ, വെൽഫയർ കമ്മിറ്റി അംഗം സിഎം അനന്തകൃഷ്ണൻ,വി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സ്നേഹിതാ സർവീസ് പ്രൊവൈഡർ നീനാ മരിയ കമ്മ്യൂണിറ്റി കൗൺസിലർമാരായ കൃഷ്ണ ബാബു, നെഹ്‌ല ഖാലിദ്, ലക്ഷ്മി കെ എ, കീർത്തന ടി വി , എക്സൈസ് വിമുക്തി കോഓർഡിനേറ്റർ കെ. വൈ ഷഫീഖ്, എക്സൈസ് ഓഫീസർമാരായ കെ.വിൽസൺ,വിപിൻരാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇരിങ്ങാലക്കുട അസി. എക്സൈസ് ഇൻസ്‌പെക്ടർ എം.ജി അനൂപ്കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു

Advertisement