അറുപതാം പിറന്നാൾ നിറവിൽ ‘പാടും പാതിരി’: ആഘോഷങ്ങളില്ല, കാരുണ്യ പദ്ധതികൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം; വൈകീട്ട് ആശംസകളുമായി ഓൺലൈനിൽ പ്രമുഖരുടെ സംഗമം

22

പാടുംപാതിരി ഫാ.പോൾ പൂവ്വത്തിങ്കലിന് ഇന്ന് ഷഷ്ഠിപൂർത്തി. കോവിഡ് മഹാമാരിക്കാലത്ത് ആഘോഷങ്ങളൊഴിവാക്കി കാരുണ്യപദ്ധതികളും മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് സഹായവും നൽകിയാണ് ജന്മദിനം ആഘോഷിക്കുന്നത്. ഫാ.പോൾ പൂവ്വത്തിങ്കലുമായി ഏറെ അടുപ്പമുള്ള പ്രമുഖരടങ്ങുന്ന 250ലധികം കലാകാരൻമാർ വെർച്വലായി വൈകീട്ട് പിറന്നാൾ ആശംസകൾ നേരും. ദൈവഗായകൻ, പാടുംപാതിരിഎന്നീ പേരുകളിൽഅറിയപ്പെടുന്ന ഫാ.ഡോ. പോൾ പൂവത്തിങ്കൽ ഗായകനും, സംഗീതജ്ഞനും സംഗീത സംവിധായകനും തൃശൂരിലെ ചേതനാ സ്ഥാപനങ്ങളുടെ ഡയറക്ടറുമാണ്. വിയ്യൂർ ആലപ്പാട്ട് പൂവത്തിങ്കൽ പൈലോതിെൻ്റയും മേരിയുടെയും മകനായ ഫാ.പോൾ വൈദിക പരിശീലന കാലത്ത് തൃശൂർ സോദരൻ ഭാഗവതർ, തൃശൂർ കൃഷ്ണയ്യർ, വിദ്വാൻ ബാംഗ്ലൂർ കൃഷ്ണമൂർത്തി, എം.ആർ. പീതാംബര മേനോൻ എന്നിവരിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. ഡൽഹിയിൽ ഡോ.ടി.എൻ.കൃഷ്ണൻ, പ്രഫ.ടി.ആർ.സുബ്രണ്യം, ഡോ.ലീല ഓംചേരി, ഡോ.ദീപ്തി ബല്ല, ഡോ.രാധ വെങ്കിടാചലം, ഡോ.വാസന്തിറാവു, ഡോ.ഗുരുവായൂർ മണികണ്ഠൻ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു. ചെന്നൈയിൽ ഡോ.കെ.ജെയേശുദാസ്, പ്രഫ.കാരൈക്കുടി സുബ്രണ്യം, ടി.എം.പ്രഭാവതി, വൈക്കംജയചന്ദ്രൻ, ബി.രാമമൂർത്തിറാവു (ഹിന്ദുസ്ഥാനി) എന്നിവരുടെ ശിഷ്യനായിരുന്നു. ഇപ്പോൾ ചന്ദ്രമന നാരായണൻ നമ്പൂതിരി, പ്രഫ.അബ്്ദുൾ അസീസ് എന്നിവരുടെ കീഴിൽ സംഗീത പഠനം തുടരുന്നു. കർണ്ണാടക സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യകത്തോലിക്കാ പുരോഹിതനായ ഫാ.പോൾ പൂവ്വത്തിങ്കൽ ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ് കൂടിയാണ്. മരുന്നിെൻ്റ സഹായമില്ലാതെ ആയിരത്തിലേറെ രോഗികൾക്ക് ഇതിനകം ശബ്്ദസംബന്ധമായ തകരാറുകൾ പരിശീലനത്തിലൂടെ പരിഹരിച്ചു. മൈലിപ്പാടത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കിൽ എല്ലാ ബുധനാഴ്ചകളിലും ശബ്്ദ ചികിൽസ നടത്തുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖരും ശബ്ദ ചികിൽസ തേടി പോൾ പൂവ്വത്തിങ്കലിൻറെയടുത്തെത്തിയിട്ടുണ്ട്. എസ്.പി.ബാലസുബ്രണ്യം, യേശുദാസ് തുടങ്ങിയവരുടെ ശുപാർശയിൽ പ്രശസ്തഗായകരും അഭിനേതാക്കളും ഉൾപ്പടെയുള്ള നിരവധിപേർക്ക് ശബ്്ദസംബന്ധമായ തകരാറുകൾ പരിഹരിച്ചു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിെൻ്റ സഹകരണത്തോടെ വോക്കോളജി സംബന്ധിച്ച് നിരവധി ശിൽപശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. 2007 ൽ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ ക്ഷണം സ്വീകരിച്ച് രാഷ്ട്രപതി ഭവനിലും ഭാരതരത്ന എം.എസ്. സുബ്ബലക്ഷ്മിയുടെ വീട്ടിലും കച്ചേരികൾ അവതരിപ്പിച്ചു. അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഉള്ള നിരവധി സർവ്വകലാശാലകൾ, കാലിഫോർണിയയിലെ ക്രിസ്റ്റൽ കത്തീഡ്രൽ, ലണ്ടനിലെ നെഹ്രുസെൻ്റർ, സൗത്ത് ആഫ്രിക്കയിലെ ഡർബൻ സർവ്വകലാശാല, ഗൾഫ്രാജ്യങ്ങളിലും വിവിധ ഇന്ത്യൻ നഗരങ്ങളിലും ക്ലാസിക്കൽ സംഗീതക്കച്ചേരി അവതരിപ്പിച്ചു. സർവ്വമതമൈത്രി സംഗീതത്തിലൂടെ എന്ന ആശയം മുൻ നിറുത്തി അദ്ദേഹം അവതരിപ്പിച്ച കച്ചേരികൾ ശ്രദ്ധേയമായി. 2013 മുതൽ അഴീക്കോട് മാർത്തോമ്മ തീർഥകേന്ദ്രത്തിൽ  മതസൗഹാർദ്ദം മുൻ നിറുത്തി സംഘടിപ്പിക്കുന്ന ദേശീയ ശ്രദ്ധയാകർഷിച്ച ഹാർമ്മണി ഫെസ്റ്റിവൽ ഫാ.പോൾ പൂവ്വത്തിങ്കലിന്റെ നേതൃത്വത്തിലുള്ളതാണ്. സംഗീതസംവിധായകൻ എന്ന നിലയിൽ മെലഡിയുടെ മാധുര്യം നിറഞ്ഞ ആയിരത്തോളം ഗാനങ്ങൾ അദ്ദേഹംചിട്ടപ്പെടുത്തിയിട്ടുണ്ട്. 35ഓളം സംഗീത ആൽബങ്ങൾ സംസ്കൃതം, മലയാളം, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കി. സീറോ മലബാർ സഭയുടെ സംഗീതകുർബ്ബാന ചിട്ടപ്പെടുത്തിയതും അർണോസ് പാതിരിയുടെ പുത്തൻപാന, ഐ.സി. ചാക്കോയുടെ ക്രിസ്തു സഹസ്രനാമം എന്നിവ വിവിധരാഗങ്ങളിൽ ചിട്ടപ്പെടുത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മലയാളം സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ അംഗമായും ആർട്സ് ഫാക്കൽറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ട ഫാ.ഡോ.പോൾ പൂവത്തിങ്കലിന് കേന്ദ്ര സർക്കാരിെൻ്റസീനിയർ ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ്, റിയോ ഗ്രാൻഡ് അവാർഡ് ( യു.എസ്.എ.), ഇൻഡോ അമേരിക്കൻ പ്രസ് കോൻഫറൻസ് അവാർഡ്, ഡോ.സുവർണ്ണ നാലപ്പാട്ട് ട്രസ്റ്റ്അവാർഡ്, ഓൾകേരള ബിഷപ്സ് കോൺഫറൻസ് മീഡിയഅവാർഡ്തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 60 നിർധന കലാകാരൻമാർക്ക് 5000 രൂപവീതം ധനസഹായവും തൃശൂരിലെ നിർദ്ധനനായ കലാകാരന് ആറ്ലക്ഷം രൂപയുടെ വീടുൾപ്പടെ 10 ലക്ഷം രൂപയുടെകാരുണ്യപദ്ധതികളാണ് ഷഷ്ഠിപൂർത്തി ആഘോഷത്തിന് തീരുമാനിച്ചിരിക്കുന്നത്. ആഘോഷങ്ങൾ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഗവ.മെഡിക്കൽ കോളേജ്, തൃശൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകൾ ഭക്ഷണം എന്നിവ വിതരണം ചെയ്യും. ക്ലാസിക്കൽ സംഗീതവും നൃത്തവും അഭ്യസിക്കാൻ ആറ് വിദ്യർഥികൾക്ക് കലാപഠനത്തിെൻ്റ ചെലവുകൾഏറ്റെടുക്കുമെന്ന് ആഘോഷ സംഘാടകസമിതി ഭാരവാഹികളായ പ്രഫ.ജോർജ്ജ് എസ്.പോൾ, എം.ഡി.പോളി, പ്രഫ.വി.എ. വർഗീസ്, പ്രഫ.സെബാസ്റ്റ്യൻജോസഫ് എന്നിവർ പറഞ്ഞു. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി അധ്യക്ഷനായ കലാകാരൻമാരുടെ കൂട്ടായ്മ ‘കാഫ്’ ആണ് അർഹരായ കലാകാരൻമാരെ തെരഞ്ഞെടുക്കുന്നത്. വൈകീട്ട് ഏഴ് മുതൽ ഒമ്പത് വരെയായി നടക്കുന്ന ഓൺലൈൻ മീറ്റ് വഴി കലാകാരൻമാരും പ്രമുഖരുമടക്കമുള്ളവർ ആശംസ നേരും. കർദ്ദിനാൾ മാർ ജോർജ്ജ്ആലഞ്ചേരി സുഹൃദ്സംഗമം ഉദ്ഘാടനം ചെയ്യും. അഞ്ചേരിയിൽ പണി പൂർത്തിയായ വീടിന്റെ താക്കോൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ. ആൻഡ്രൂസ്താഴത്ത് കൈമാറും. കലാകാരൻമാർക്കുള്ള കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ഫാ. പോൾ പൂവത്തിങ്കലിെൻ്റ ഗുരുനാഥൻ കൂടിയായ ഡോ.കെ.ജെ. യേശുദാസ് നിർവ്വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മന്ത്രി കെ.രാജനും മെഡിക്കൽ കോളേജിലേക്കുള്ള ധനസഹായം മന്ത്രി പ്രഫ.ആർ. ബിന്ദുവും ഏറ്റുവാങ്ങും.